
ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. മികച്ച യൂണിവേഴ്സിറ്റികളിലെ ഉന്നതനിലവാരമുള്ള പഠനവും ജീവിതസൗകര്യങ്ങളുമെല്ലാമാണ് ഇതിനുള്ള പ്രധാന ആകര്‍ഷണം. എന്നാല്‍ ഇത്തരം രാജ്യങ്ങളിലെത്തിപ്പെട്ടാല് പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ കാനഡയില്‍ ഉന്നത പഠനത്തോടൊപ്പം ജോലി കൂടി ചെയ്യുന്നതിന്റെ തിരക്കുകളെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ജ്യോതി ഖരായത് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പഠനത്തിനാവശ്യമായ ഫീസ് കണ്ടെത്താനായി കഠിനാധ്വാനം ചെയ്യുന്ന ജ്യോതിയുടെ പോസിറ്റീവ് മനോഭാവമാണ് വീഡിയോയെ വൈറലാക്കിയത്.
രാവിലെ സ്കൂളും അത് കഴിഞ്ഞാല്‍ ഉടന്‍ സ്റ്റാര്‍ബക്സ് കോഫി ഷോപ്പിലെ ജോലിയുമായി തന്റെ ജീവിതം ഒരു 'ലൂപ്പ്' പോലെയാണെന്ന് ജ്യോതി പറയുന്നു. വീട്, സ്കൂള്‍, ജോലി എന്നിങ്ങനെ നീളുന്ന ഈ തിരക്കുകള്‍ക്കിടയിലും താന്‍ തികച്ചും സന്തോഷവതിയാണെന്നാണ് ഈ പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നത്. വിദേശത്ത് പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും തന്റെ ഈ സാഹചര്യം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ജ്യോതി വിശ്വസിക്കുന്നു. പഠനച്ചെലവ് സ്വന്തമായി കണ്ടെത്തേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ ലക്ഷ്യത്തിനായി പ്രയത്നിക്കുന്നതില്‍ അവള് അഭിമാനം കൊള്ളുന്നു.
'ഞാന്‍ ഒരു ലൂപ്പില്‍ പെട്ടിരിക്കുകയാണ്. സ്കൂളില്‍ പോകാന്‍ എനിക്ക് ഫീസ് ആവശ്യമാണ്, ഒപ്പം ഫീസിനുള്ള പണം കണ്ടെത്താനായി ജോലിയും. ഞാന്‍ സ്കൂളില്‍ നിന്ന് വന്നതയുള്ളൂ. ഇപ്പോള്‍ സ്റ്റാര്‍ബക്സ് കോഫി ഷോപ്പില്‍ ജോലി ചെയ്യുകയാണ്. ഇനി നാളെ വീണ്ടും സ്കൂളില്‍ പോകും. തിരികെ ഇവിടേക്ക് തന്നെ ജോലിക്ക് വരും. വീട്, സ്കൂള്‍, സ്റ്റാര്‍ബക്സ്... എന്റെ ദൈവമേ, ഇതൊരു വലിയ ലൂപ്പാണ്. പക്ഷേ ഞാന്‍ സന്തോഷവതിയാണ്.'ജ്യോതി വൈറല്‍ വീഡിയോയില്‍ പറഞ്ഞു.
നിരവധി പേരാണ് ജ്യോതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കഠിനാധ്വാനം ഒരിക്കലും വെറുതെയാകില്ലെന്നും ജീവിതത്തിലെ ഈ ഘട്ടം വലിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ പറയുന്നു. വിദേശ പഠനത്തിനൊരുങ്ങുന്നവര്ക്ക് വലിയൊരു പ്രചോദനമാണ് ജ്യോതിയുടെ ഈ വാക്കുകള്‍.






