
ആഗോള പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പുതിയ ബയോപിക് ‘മൈക്കലി’ന്റെ റിലീസിന് പിന്നാലെ സിനിമാ ലോകത്ത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 24 ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരില്‍ നിന്ന് വലിയ തോതിലുളള നെഗറ്റീവ് റിവ്യൂകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രത്തെ പിന്തുണച്ചുകൊണ്ട് പ്രശസ്ത ബോളിവുഡ് സംവിധായിക ഫറ ഖാന് രംഗത്തെത്തിയത്.
ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂകളെ തളളിക്കളഞ്ഞ ഫറ ഖാന് ആരാധകര്‍ തിയറ്ററുകളില്‍ പോയിത്തന്നെ സിനിമ കാണണമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു.. മൈക്കല്‍ ജാക്സനൊപ്പമുളള പഴയൊരു ചിത്രം പങ്കുവെച്ചായിരുന്നു ഫറയുടെ കുറിപ്പ്.
‘ഒരു കാര്യം ശ്രദ്ധിക്കുക..എല്ലാ രാജ്യത്തും നിരൂപകര്‍ വിവരമില്ലാത്തവരാണ്. പോയി മൈക്കല്‍ കാണൂ, അടുത്ത വര്‍ഷം ആരെങ്കിലും ദയവായി ജാഫര്‍ ജാക്സന് ഓസ്കര് നല്‍കൂ’ഫറ ഖാന്റെ വാക്കുകള്‍. ഈ ചിത്രം നിരൂപകര്ക്കുളളതല്ല, ആരാധകര്‍ക്ക് വേണ്ടിയുളളതാണെന്നും ഫറ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആന്റോയിന്‍ ഫുക്വ സംവിധാനം ചെയ്ത് ലയണ്‍സ്ഗേറ്റ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മൈക്കല്‍ ജാക്സന്റെ അനന്തരവന് ജാഫര്‍ ജാക്സനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കോള്മാന് ഡൊമിംഗോ, നിയ ലോംഗ്, മൈല്‍സ് ടെല്ലര്‍, ലോറ ഹരിയര്‍, ലാരെന്സ് ടേറ്റ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
മൈക്കല്‍ ജാക്സന്റെ പാരമ്പര്യത്തെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാന്‍ ഈ ബയോപിക് കാരണമായിരിക്കുകയാണ്. നിരൂപകരുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ക്കിടയിലും ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്.






