
മലയാളസിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മഹേഷ് നാരായണ്‍ ചിത്രമാണ് ‘പേട്രിയറ്റ്’. മള്‍ട്ടിസ്റ്റാര്‍ ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രമായ ‘പേട്രിയറ്റി’ന്റെ ഏറ്റവും വലിയ ആകര്‍ഷണം 18 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ബിഗ് സ്ക്രീനിലെത്തുന്നു എന്നുള്ളതാണ്. ഇവരെക്കൂടാതെ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നയന്‍താര, രേവതി തുടങ്ങിയ വമ്പന്‍ താരനിരയും സിനിമയില്‍ അണിനിരക്കുന്നുണ്ട്.
ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മെയ് ഒന്നിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രത്തിന് റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ആഗോള പ്രീ-സെയിൽസ് ബുക്കിങ് ഇതിനോടകം 6 കോടി രൂപ പിന്നിട്ടു.
ഇക്കഴിഞ്ഞ ദിവസം സിനിമയുടെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ശബ്ദത്തിന്റെ അകമ്പടിയിൽ ഒരുക്കിയ ‘മനുഷ്യൻ’ എന്ന ഗാനം നിമിഷ നേരംകൊണ്ടാണ് തരംഗമായി മാറിയത്.
ഇപ്പോഴിതാ ഗാനത്തിന് പിന്നാലെ സുഷിൻ പങ്കുവച്ച ബിടിഎസ് വിഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
‘‘മമ്മൂട്ടി സര് ഒരു വരി എങ്ങനെ മുറുകെ പിടിക്കുന്നു, വിരാമങ്ങൾ വാക്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്നു എന്നത് എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. ആ ശബ്ദം മനുഷ്യനിലേക്ക് കൊണ്ടുവരുന്നത് അത് എപ്പോഴും സംഭവിക്കാൻ ഉദ്ദേശിച്ചിരുന്നതുപോലെ തോന്നി. ശക്തി ശ്രീഗോപാലന്റെ അഭിപ്രായത്തിൽ, എല്ലാം ശരിയായി. വരികൾക്കും മോണോലോഗിനും വിനായക് ശശികുമാറിന് നന്ദി...’’ എന്നാണ് വീഡിയോ പങ്കിട്ട് സുഷിന് ശ്യാം കുറിച്ചിരിക്കുന്നത്.
പാട്ടിൽ മമ്മൂട്ടിയുടെ ശബ്ദമാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ ഇതിന്റെ ബിടിഎസ് വിഡിയോയിൽ ആരാധകര്‍ ഏറ്റെടുക്കുന്നത് ഒരു നോട്ടമാണ്. പാട്ടിന് വേണ്ടി മമ്മൂട്ടി ഡബ്ബ് ചെയ്യുന്നതിനിടെ ആരോ മേശ വലിക്കുന്ന ശബ്ദം ഡബ്ബിങ് തടസ്സപ്പെടുത്തുന്നത് കാണാം. തുടർന്ന് താരം തിരിഞ്ഞു നോക്കുന്ന ദൃശ്യം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. മമ്മൂട്ടിയുടെ ആ നോട്ടം പല ആരാധകരും താരത്തിന്റെ പ്രൊഫഷണലിസമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. തികച്ചും ഏകാഗ്രതയോടെ, അർപ്പണബോധത്തോടെ ജോലി ചെയ്യുന്നതിനിടയിൽ ശ്രദ്ധ തിരിക്കുന്ന ചെറിയ കാര്യം പോലും അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് പലരും നല്കുന്ന കമന്റ്. മമ്മൂട്ടിയുടെ ശബ്ദ നിയന്ത്രണവും ആരാധകരിൽ ആവേശം ഉയർത്തിയിട്ടുണ്ട്.
മനുഷ്യൻ’ പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടെയുള്ള രസകരമായ നിമിഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നു. ഡബ്ബിങ് കഴിഞ്ഞ് സുഷിൻ ‘സെറ്റ് ആണ്’ എന്ന് പറയുമ്പോൾ ‘തെറ്റ് ആണെന്നോ സെറ്റ് ആണെന്നോ’ എന്ന് മമ്മൂട്ടി തമാശരൂപേണ ചോദിക്കുന്നുണ്ട്.
പാട്ടിനൊപ്പം തന്നെ ബിടിഎസ് വിഡിയോയും ആരാധകർക്കിടയിൽ വൈറലാവുകയാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ‘മനുഷ്യൻ’ എന്ന പാട്ടിന് വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുന്‍പ് റിലീസ് ചെയ്ത ‘പേട്രിയറ്റി’ലെ ‘കാറ്റുതൊട്ടപ്പോൾ’ എന്ന ആദ്യ ഗാനവും ആസ്വാദകർ ഏറ്റെടുത്തിരുന്നു. ‘മനുഷ്യൻ’ റിലീസ് ചെയ്തതോടെ ആരാധകരുടെ പ്രതീക്ഷയും വമ്പന്‍ ഹൈപ്പിലെത്തുകയാണ്.






