
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കാനിംഗിൽ യുവാവിന് ഗർഭപാത്രമുണ്ടെന്ന കണ്ടെത്തൽ ആരോഗ്യ കേരളത്തിനു നാണക്കേടാവുന്നു. സംഭവത്തിൽ യുവാവ് നൽകിയ പരാതിയിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജി മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു.
കഴക്കൂട്ടം സ്വദേശി ഷിഹാസ് എന്ന 24 കാരൻ വയറുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തിയത്. തുടർന്ന് സിടി സ്കാനിംഗിന് വിധേയനായി. എന്നാൽ, വേദന കുറഞ്ഞതിനെ തുടർന്ന് റിപ്പോർട്ട് വാങ്ങിയിരുന്നില്ല. വീണ്ടും വേദന ഉണ്ടായപ്പോൾ ഷിഹാസ് ഒരു ഹോമിയോ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ പഴയ സ്കാനിംഗ് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണ് മാർച്ച് 16-ന് വീണ്ടും മെഡിക്കൽ കോളജിൽ എത്തിയത്.
മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച റിപ്പോർട്ടുമായി ഒരു ഹോമിയോ ആശുപത്രിയിൽ എത്തിയപ്പോഴാണ് റിപ്പോർട്ടിൽ ഗർഭാശയ മുഴ ഉണ്ടെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധിക്കുന്നത്. തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ എത്തി റിപ്പോർട്ട് മാറിയ കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ആദ്യം ജീവനക്കാർ തട്ടിക്കയറുകയും മിനിറ്റുകൾക്ക് ശേഷം റിപ്പോട്ട് തയ്യാറായതായി അറിയിക്കുകയും ചെയ്തു. വീണ്ടും സ്കാൻ ചെയ്യാതെ റിപ്പോർട്ട് എങ്ങനെ തയ്യാറാക്കി എന്ന് ഷിഹാസ് ചോദിച്ചതോടെ വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും പണം തിരികെ നൽകാൻ ശ്രമിക്കുകയുമായിരുന്നു.






