
യുകെയിലെ ബെര്‍ക്ക്ഷെയര്‍ ഹൈവേയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് റോഡിലുടനീളം 20 ടണ്‍ വൈറ്റ് വൈന്‍ ഒഴുകിപ്പരന്നു. ലോറിയിലുണ്ടായിരുന്ന വൈന്‍ കുപ്പികള്‍ പൊട്ടിത്തെറിച്ച് റോഡില്‍ ചില്ലുകളും മദ്യവും വ്യാപിച്ചതോടെ ഏഴ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈനിലെ പഞ്ചസാരയുടെ അംശം റോഡ് വഴുവഴുപ്പുള്ളതാക്കുമെന്നും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തു. 'പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു റോഡ് സൈഡ് വിരുന്നായിരുന്നു ഇത്' എന്ന് തേംസ് വാലി പോലീസ് സംഭവത്തെ വിശേഷിപ്പിച്ചു. കുപ്പിചില്ലുകളും വൈനും പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷമേ ഗതാഗതം സാധാരണ നിലയിലാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.






