
പഞ്ചാബ് കിംഗ്സിനെതിരെയുള്ള ഐ.പി.എല് 2026 മത്സരത്തിനിടെ രാജസ്ഥാന് റോയല്സ് ക്യാപ്റ്റന് റിയാന് പരാഗ് വീണ്ടും ഓഫ്-ഫീല്ഡ് വിവാദത്തില് അകപ്പെട്ടു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് പരാഗ് ഇലക്ട്രോണിക് സിഗരറ്റ് അഥവാ 'വേപ്പ്' ഉപയോഗിക്കുന്നതായി തോന്നിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായതാണ് വിവാദത്തിന് കാരണമായത്.
മുള്ളന്പൂരിലെ സ്റ്റേഡിയത്തില് 223 റണ്സ് പിന്തുടരുന്നതിനിടയില് 16-ാം ഓവറിലായിരുന്നു ഈ ദൃശ്യങ്ങള് ക്യാമറയില് പതിഞ്ഞത്. ഐ.പി.എല് അച്ചടക്ക നിയമങ്ങള് അനുസരിച്ച് സ്റ്റേഡിയത്തിനുള്ളിലോ ഡ്രസ്സിംഗ് റൂമിലോ പുകവലിക്കുന്നത് കര്ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയില് 2019-ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം അനുസരിച്ച് ഇത്തരം ഉല്പ്പന്നങ്ങളുടെ നിര്മ്മാണവും ഉപയോഗവും കുറ്റകരമാണ്. ഇത് പരാഗിന് വലിയ തിരിച്ചടിയായേക്കാം. ഈ സീസണില് പരാഗിന്റെ ബാറ്റിംഗ് ഫോമും ക്യാപ്റ്റന്സിയും നേരത്തെ തന്നെ വിമര്ശനങ്ങള്ക്ക് വിധേയമായിരുന്നു. 9 കളികളില് നിന്ന് വെറും 14.63 ശരാശരിയില് 117 റണ്സ് മാത്രമാണ് താരം നേടിയത്.
സ്ട്രൈക്ക് റേറ്റ് 124.47 മാത്രമാണ്. പഞ്ചാബിനെതിരെയുള്ള മത്സരത്തില് 16 പന്തില് 29 റണ്സ് എടുത്ത് താരം പുറത്തായെങ്കിലും ഡോണവന് ഫെരേരയുടെയും ശുഭം ദുബെയുടെയും മികവില് രാജസ്ഥാന് റോയല്സ് ആറ് വിക്കറ്റിന് വിജയിച്ചു. ഈ സംഭവത്തില് ഐ.പി.എല് അധികൃതര് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാല് മുന്കാലങ്ങളില് ഇത്തരം നിയമലംഘനങ്ങളില് കര്ശന നടപടി എടുത്ത ചരിത്രം ഐ.പി.എല്ലിനുണ്ട്. ഈ സീസണില് തന്നെ ഡഗൗട്ടില് ഫോണ് ഉപയോഗിച്ചതിന് രാജസ്ഥാന് ടീം മാനേജര് റോമി ഭീന്ദറിന് പിഴ ചുമത്തിയിരുന്നു. നിയമലംഘനം തെളിഞ്ഞാല് പരാഗിന് പിഴയോ മറ്റ് അച്ചടക്ക നടപടികളോ നേരിടേണ്ടി വന്നേക്കാം.
യുവ താരം വൈഭവ് സൂര്യവംശിക്കൊപ്പം ഇരുന്ന ടീം മാനേജര് റോമി ഭീന്ദര് ഫോണ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്ക്ക് പിന്നാലെ ഇപ്പോള് പരാഗിന്റെ വീഡിയോയും പുറത്തുവന്നത് രാജസ്ഥാന് റോയല്സ് മാനേജ്മെന്റിന് വലിയ തലവേദനയായിരിക്കുകയാണ്.







Comments