
49 ാംമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളക്കമാര്‍ന്ന നേട്ടവുമായി നടി ഹണി റോസ്. ആനന്ദിനി ബാല സംവിധാനം ചെയ്ത ‘റേച്ചല്‍ ’എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഹണിയെ തേടിയെത്തുന്ന ആദ്യത്തെ പുരസ്കാരമാണിത് എന്നതും ഈ നേട്ടത്തിന്റെ സവിശേഷത വര്‍ദ്ധിപ്പിക്കുന്നു.
അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഏറ്റവും അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും, ഇത് തന്റെ കരിയറിലെ ആദ്യത്തെ പുരസ്കാരമാണെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു. റേച്ചലിനായി ഹൃദയവും ആത്മാവും നല്കി പരിശ്രമിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവും സന്തോഷകരമായ ഒരു വാർത്ത കേട്ടാണ് ഇന്ന് ഞാൻ ഉറക്കമുണർന്നത്. 'റേച്ചൽ' എന്ന സിനിമയിലെ പ്രകടനത്തിന് 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം എനിക്ക് ലഭിച്ചിരിക്കുന്നു.എന്റെ കരിയറിലെ ആദ്യത്തെ അവാർഡാണിത്, അതുകൊണ്ടുതന്നെ ഞാൻ അതീവ സന്തോഷവതിയാണ്. ഈ അംഗീകാരത്തിന് ജൂറി അംഗങ്ങളോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ കഥാപാത്രത്തിനായി എന്റെ ഹൃദയവും ആത്മാവും നൽകി, ഏറ്റവും ആത്മാർത്ഥമായ പരിശ്രമമാണ് ഞാൻ നടത്തിയത്. ഇത്രയും മനോഹരമായ ഒരു അവസരം എനിക്ക് നൽകിയ റേച്ചൽ ടീമിനോടും, പ്രത്യേകിച്ച് ആനന്ദിനി ബാല, രാഹുൽ മനപ്പാട്ട്, എബ്രിഡ് ഷൈൻ, ബാദുഷ എന്നിവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.'. എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.’ ഹണി റോസിന്റെ വാക്കുകള്‍.
ആരാധകരും സെലിബിറ്റികളുമുള്പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തുന്നത്. മോഹൻലാൽ മികച്ച നടനായും കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവർ മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ട അവാർഡ് പട്ടികയിലാണ് ഹണി റോസും ഇടംപിടിച്ചത്. സാധാരണ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 'റേച്ചൽ' എന്ന ചിത്രത്തിൽ ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. ഈ കഥാപാത്രത്തിനായി മാസങ്ങളോളം താരം പരിശീലനം നടത്തിയിരുന്നു.






