
കാസര്‍കോട്: സ്വര്‍ണമോതിരം ശരീരത്തില്‍ കുടുങ്ങിയ ചേരയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ പതിക്കാലിലാണ് ശരീരത്തില്‍ സ്വര്‍ണമോതിരം കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തിയത്. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ അഡൂര്‍ പതിക്കാലിലെ രവിയുടെ വീട്ടിലെ അലമാരയിലാണ് അവശനിലയിലായ പാമ്പിനെ കണ്ടത്. കുട്ടികള്‍ അലമാര തുറന്നപ്പോഴാണ് ചേര ചുരുണ്ടുകൂടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പുതിയ വീടിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ രവിയും കുടുംബവും സമീപത്തെ ഷെഡ്ഡിലാണ് താമസിക്കുന്നത്. ഈ ഷെഡ്ഡിനുള്ളിലെ തടി അലമാരയിലാണ് പാമ്പ് കയറിക്കൂടിയത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാണ്ടി ഫോറസ്റ്റ് ഓഫീസില്‍ നിന്നും ഫോറസ്റ്റ് വാച്ചര്‍മാരായ കെ. മഹേഷ്, പി.കെ. അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇവര്‍ പാമ്പിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ സ്വര്‍ണമോതിരം കുടുങ്ങിയതായി കണ്ടെത്തിയത്. മോതിരം മുറുകിയതിനാല്‍ പാമ്പ് ഏറെ അവശനിലയിലായിരുന്നു. തുടര്‍ന്ന് കട്ടര്‍ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി. രക്ഷപ്പെടുത്തിയ ചേരയെ പിന്നീട് കാട്ടിനുള്ളിലേക്ക് തുറന്നുവിട്ടു.






