
രാജ്യത്ത് ഉഷ്ണതരംഗം കടുക്കുന്ന സാഹചര്യത്തില്‍ ഡെലിവറി പങ്കാളികള്‍ക്ക് ആശ്വാസമേകാന്‍ 'കൂളിങ് വെസ്റ്റുകള്‍' അവതരിപ്പിച്ച് സൊമാറ്റോ. പരീക്ഷണാടിസ്ഥാനത്തില്‍ സംരക്ഷണം നല്‍കാനാണ് ഈ പദ്ധതിയെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി.
എന്താണ് കൂളിംഗ് വെസ്റ്റ്?
ശരീരതാപനില കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് കൂളിങ് വെസ്റ്റുകള്‍. അമിതമായ ചൂട് മൂലം ഉണ്ടാകുന്ന തളര്‍ച്ച, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ഇവ സംരക്ഷണം നല്‍കുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രവര്‍ത്തന രീതി: പി.വി.എ (PVA) അധിഷ്ഠിതമായ ഇവാപ്പറേറ്റീവ് കൂളിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍ നാല് മണിക്കൂര്‍ വരെ ഇത് ശരീരത്തിന് തണുപ്പ് നല്‍കും.
സവിശേഷതകള്‍: ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ ഡിസൈന്‍. അണുബാധ തടയാനുള്ള ആന്റിമൈക്രോബിയല്‍ ഗുണങ്ങളും ഉള്‍പ്പെടുന്നുണ്ട്. ചുരുങ്ങിയത് രണ്ട് വേനല്‍ക്കാലമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധം ഈടുനില്ക്കുന്നതാണ് ഈ വെസ്റ്റുകള്‍.
ഷെല്‍ ഫൗണ്ടേഷന് (ലണ്ടന്‍), ട്രെയിന്‍ ടെക്നോളജീസ് എന്നിവയുമായി സഹകരിച്ചാണ് സൊമാറ്റോ പദ്ധതി നടപ്പിലാക്കുന്നത്. മുംബൈ ആസ്ഥാനമായ ഇന്റലെക്യാപ് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.






