
മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോയിലെത്തുന്ന ദൃശ്യം 3. മലയാളത്തിലെ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ബെഞ്ച്മാര്‍ക്ക് നല്കിയ ദൃശ്യം പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി ബ്ലോക്ക്ബസ്റ്ററാക്കിയതാണ്. അതിനു ശേഷം കോവിഡ് കാലത്ത് ഒടിടിയിലൂടെ എത്തിയ ദൃശ്യം 2 വും സൂപ്പര്‍ഹിറ്റായി. അന്നുമുതല്‍ ജനങ്ങള്‍ ഒരേസ്വരത്തില്‍ ചോദിക്കുന്നതാണ് എന്നാണ് ദൃശ്യം 3 എത്തുക എന്നത്.
ദൃശ്യം 3 എത്തുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞ നാള് മുതല്‍ പ്രേക്ഷകര്‍ അതിനു വേണ്ടി കാത്തിരിക്കുകയാണ്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നതെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതും മേയ് 21 നാണ് ദൃശ്യം വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിലെത്തുന്നതിനെക്കുറിച്ചും മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും പങ്കിട്ടിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് മോഹന്‍ലാല്‍. ‘ദൃശ്യം 3 ഒഫീഷ്യല്‍ ടീസര്‍’ എന്ന് കുറിച്ചാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കിട്ടിരിക്കുന്നത്.
ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറിൽ, ജോർജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞ ടീസറിൽ ജോർജുകുട്ടിയായെത്തുന്ന മോഹൻലാലിന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്നെ ടീസറിൽ കാണിക്കുന്നുണ്ട്. ആകാംക്ഷ ജനിപ്പിക്കുന്ന ടീസർ കൂടി വന്നതോടെ ദൃശ്യം 3യെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്.
‘‘ഞാൻ വെറുമൊരു സാധാരണക്കാരനാണ്. എന്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള അതിഥി. ഇനി ഒരിക്കലും തിരിച്ചു വരില്ലാ എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു....’’ എന്ന് ജോര്‍ജുകുട്ടി പറയുന്നയിടത്താണ് ടീസര്‍ തുടങ്ങുന്നത്.
തുടര്‍ന്ന് ദൃശ്യം 2 വില്‍ ജോർജ് കുട്ടിയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ മുരളി ഗോപി പറയുന്ന സംഭാഷണവും ടീസറിലെത്തുന്നു. ‘സത്യത്തിൽ നമ്മൾ അയാളെയല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത്... അയാൾ നമ്മളെയാണ്...’ ഈ വാക്കുകൾ മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളാണ് ഇത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുകയാണ്.
മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗവും, 2021 ൽ രണ്ടാം ഭാഗവും പ്രേക്ഷകരുടെ മുന്നിലെത്തി. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം ഭാഗമെത്തുന്നത്. ചിത്രത്തിന്റെ ആഗോള തിയറ്റർ, ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് പനോരമ സ്റ്റുഡിയോസാണ്.






