
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ വലിയ വിജയത്തിനു കാരണം രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളാണെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്ന് ജനവിധി തേടിയ ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ എന്ന നിലയിലാണ് മാധ്യമങ്ങളെ കണ്ടത്.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോളേജ് പെൺകുട്ടികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്, സമൂഹിക ക്ഷേമ പെൻഷൻ 2,000 രൂപയിൽ നിന്ന് 3,000 രൂപയാക്കി ഉയർത്തും, യുവസംരഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയായിരുന്നു അഞ്ചിന ഗ്യാരണ്ടികൾ.
നേരത്തെ കെപിസിസി ആസ്ഥാനത്ത് വി.ഡി സതീശന്റെ നേതൃത്വത്തിൽ ത്രിവർണ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടിരുന്നു. അതിനു ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു.






