
തിരുവനന്തപുരം: കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി യുഡിഎഫ്. പത്തുവര്‍ഷം നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച യുഡിഎഫ് കുത്തൊഴുക്കില്‍ എല്‍ഡിഎഫ് ഒഴുകിപ്പോയി. നേമത്തില്‍ പൂട്ടിപ്പോയ അക്കൗണ്ട് കൊല്ലം ചാത്തന്നൂരില്‍ ബിജെപി വീണ്ടും തുറന്നു. നേമത്തും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്.
വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 102 സീറ്റുകളില്‍ യുഡിഎഫ് മുന്നിലുണ്ട്. 36 സീറ്റുകളില്‍ എല്‍ഡിഎഫും രണ്ടു സീറ്റുകളില്‍ ബിജെപിയും മുന്നില്‍ നില്‍ക്കുകയാണ്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള കോട്ടകളില്‍ യുഡിഎഫ് തേരോട്ടം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലും നന്നായി വിയര്‍ത്തു. സിപിഐഎമ്മിനെതിരേ വിമര്‍ശനം ഉന്നയിച്ച് പുറത്തുപോകുകയും വിമതരായി യുഡിഎഫ് പിന്തുണയില്‍ മത്സരിച്ചവരില്‍ വി. കുഞ്ഞികൃഷ്ണനും ജി സുധാകരനും അടക്കം വിജയം നേടി. ധര്‍മ്മടത്ത് അബ്ദുള്‍ റഷീദിനോട് നന്നായി വിയര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയന് നേടിയത്. 25 സീറ്റുകളില്‍ മത്സരിച്ച മുസ്ളീം ലീഗ് 21 സീറ്റുകളില്‍ മുന്നിലാണ്.
മന്ത്രിമാരായ വീണാജോര്‍ജ്ജ്, ഗണേശ്കുമാര്‍, എം.ബി. രാജേഷ്, ചിഞ്ചുറാണി, കടന്നപ്പള്ളി, പി. രാജീവ്, കോവൂര്കുഞ്ഞുമോന്, റോഷി അഗസ്റ്റിന്, ഗണേശ്കുമാര്‍, അബ്ദുറഹിമാന്, ആര്.ബിന്ദു, വി.എന്‍.വാസവന്, മുതിര്‍ന്ന വനിതാനേതാവ് കെ.കെ. ശൈലജ എന്നിവര്‍ പിന്നിലായപ്പോള്‍ റിയാസ്, സജി ചെറിയാന്, പി. പ്രസാദ്, , കെ. രാജന്, ജി.ആര്. അനില്‍ എന്നിവരാണ് എല്‍ഡിഎഫില്‍ മികച്ച പ്രകടനം നടത്തി. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, കെ.മുരളീധരന്, രമേഷ് പിഷാരടി, ടി.സിദ്ദിഖ്, ബിന്ദുകൃഷ്ണ, അബിന്‍വര്‍ക്കി, സന്ദീപ് വാര്യര്‍, രമ്യാഹരിദാസ്, കെ.കെ. രമ തുടങ്ങിയ പ്രമുഖരെല്ലാം വിജയം കണ്ടു. സിപിഐഎം വിമതരില്‍ ജി സുധാകരന്, വി.കെ. കുഞ്ഞികൃഷ്ണന്, ടി.കെ. ഗോവിന്ദന് എന്നിവര്‍ വിജയത്തിലേക്ക് എത്തിയപ്പോള്‍ പി.വി. അന്‍വര്‍ വന്‍തോല്‍വി ഏറ്റുവാങ്ങി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ യുഡിഎഫ് തൂത്തുവാരി.
ഇടതുപക്ഷത്തെ ഘടകക്ഷികളായ കേരളാകോണ്‍ഗ്രസ് എം സമ്പൂര്‍ണ്ണമായി തിരിച്ചടി നേരിട്ടപ്പോള്‍ കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗം എട്ടില്‍ എഴിലും തൂക്കി. 12 സീറ്റുകളില്‍ മത്സരിച്ച കേരളാകോണ്‍ഗ്രസ് എമ്മിനെ പാലയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമെല്ലാം കൈവിട്ടപ്പോള്‍ ഇടയ്ക്കെങ്കിലും മിന്നലാട്ടം കാട്ടിയത് റാന്നിയിലെ പ്രമോദ് നാരായണന് മാത്രമായിരുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തിരിച്ചടി നേരിട്ടു. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിലേക്ക് എത്തിയപ്പോള്‍ പാലക്കാട്, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍, മഞ്ചേശ്വരം, കാസര്‍ഗോഡ്, തിരുവല്ല, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി മികച്ച പ്രകടനം നടത്തി.






