കായംകുളം: കേരളത്തിലെ മുതിർന്ന സിപിഎം നേതാവായ പിണറായി വിജയന് ഈശ്വര വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അദ്ദേഹത്തിന്റെ അണികളിൽ ചിലർക്ക് ദൈവവിശ്വാസമുണ്ട്. അവർ നേതാവിനായി വഴിപാടു നടത്തും.
പിണറായി വിജയൻ തെരഞ്ഞടുപ്പിൽ വിജയിക്കാനായി രണ്ട് അനുയായികൾ വഴിപാട് നടത്തി. ആലപ്പുഴയിലെ വെട്ടിക്കോട് ക്ഷേത്രത്തിലാണ് ഒരു ഭക്തൻ വഴിപാടു നടത്തിയത്. മറ്റൊരു ഭക്തൻ മലബാർ ദേവസ്വത്തിലുള്ള കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയിരിക്കുന്നത്.
രണ്ട് ഭക്തരും പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന വിവരങ്ങൾ നൽകിയാണ് വഴിപാടിനു രസീത് എടുത്തിരിക്കുന്നത്. കാനത്തൂർ ക്ഷേത്രത്തിൽ വോട്ടെണ്ണുന്ന ദിവസം വഴിപാടു നടത്താനാണ് രസീത് എഴുതിയിരിക്കുന്നത്.
എന്തായാലും വഴിപാടു നടത്തിയവർക്ക് ആശ്വസിക്കാം. സിപിഎം കുത്തകയായ ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ വോട്ടെണ്ണൽ നടക്കുമ്പോൾ അഞ്ച് റൗണ്ട് പൂർത്തിയായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായിരുന്നുവെങ്കിലും പിന്നീട് സിപിഎം ക്യാപ്റ്റന് തിരിച്ചു വരാൻ സാധിച്ചു.






