
തിരുവനന്തപുരം: ഇടതുപക്ഷത്തെ പിടിച്ചുകുലുക്കി വന്‍ തോല്‍വി ഏറ്റുവാങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി എന്നത് പോലെ പ്രതിപക്ഷനേതാവ് ആരാകുമെന്ന ആകാംഷയും ശക്തമാകുന്നു. തോല്‍വിക്ക് പിന്നാലെ പിണറായി വിജയന് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുത്തേക്കും.
ഇത്തവണ സഭയില്‍ ഇടതുപക്ഷത്ത് നിന്നും 35 പേര് മാത്രമാണ് ഉള്ളത്. പിണറായി വിജയന് വേണ്ടെന്ന് വെച്ചാല്‍ മാത്രമേ മറ്റൊരാളെ പരിഗണിക്കേണ്ടതുള്ളു. അങ്ങിനെ വന്നാല്‍ കെ.എന്‍. ബാലഗോപാല്‍ വന്നേക്കാനുള്ള സാധ്യതയുണ്ട്. ഇടതുപക്ഷത്ത് ഉണ്ടായിരുന്ന പല ഘടകകക്ഷികളും പൂജ്യത്തിലാണ് അവസാനിച്ചിരുന്നു. അതുകൊണ്ടു തന്നെ ക്രിയാത്മകമായ പ്രതിപക്ഷമായ ഇടപെടാന്‍ കഴിയുന്നവര്‍ ആര് എന്നതാണ് ചോദ്യം. പിണറായി വിജയന് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. തോല്‍വിയില്‍ പ്രതികരിക്കുകയും ചെയ്തിട്ടില്ല.
അദ്ദേഹം ഇന്ന് തലസ്ഥാനത്ത് എത്തുമെന്നും വാര്‍ത്താസമ്മേളനം നടത്തുമെന്നുമാണ് കരുതുന്നത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തോല്‍വിയെക്കുറിച്ചും പ്രതിപക്ഷ നേതാവിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടത്തിയേക്കാന്‍ സാധ്യതയുണ്ട്. പത്തുവര്‍ഷം ഭരിച്ച പാര്‍ട്ടി ഒരു വന്‍ തോല്‍വി നേരിടേണ്ടി വരുന്ന സാഹചര്യം എന്താണെന്ന് കിഴിഞ്ഞ് പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് സിപിഐഎം. ശക്തമായ വിമര്‍ശനമാണ് പാര്‍ട്ടിസംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിടേണ്ടി വന്നിരിക്കുന്നത്.
കണ്ണൂരിലെ ഉള്‍പാര്‍ട്ടി പോര് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് വിലയിരുത്തലുണ്ട്. ഈ ഉള്‍പാര്‍ട്ടി കലാപങ്ങള്‍ പാര്‍ട്ടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയും അച്ചടക്കരാഹിത്യം സംഭവിച്ചെന്നും വിലയിരുത്തലുണ്ട്. ഇതിനൊപ്പം തന്നെ വിവിധ വിഷയങ്ങളില്‍ ഉണ്ടായ ന്യൂനപക്ഷ ഏകീകരണം ഇടതുപക്ഷ വിരുദ്ധമായി മാറിയെന്നും കണക്കാക്കുന്നുണ്ട്. തോല്‍വിക്ക് പിന്നാലെ അതിവിമര്ശനം നേരിടേണ്ട വന്നിരിക്കുന്നത് എം.വി. ഗോവിന്ദനാണ്. സ്ഥാനം ഒഴിയണമെന്ന് വിമര്‍ശനമുണ്ട്. സംഘടനാ സംവിധാനത്തില്‍ തിരിച്ചടി നേരിട്ടെന്നും കണക്കാക്കുന്നു.






