
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുന്നു. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും താരം കളിത്തിലിറങ്ങിയില്ല. ഡൽഹിയിൽ നടക്കുന്ന മത്സരത്തിനായി ടീമിനൊപ്പം യാത്ര തീർക്കാതെ ധോണി ചെന്നൈയിൽ തന്നെ തുടരുകയാണ്.
സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റ ധോണിക്ക് ഈ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. ധോണിയുടെ അസാന്നിധ്യത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് ടീമിനായി വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുന്നത്. സീസണിന്റെ പകുതിയോടെ ധോണി പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുമെന്ന് കരുതിയിരുന്നെങ്കിലും പരിശീലനത്തിനിടെ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു.
ധോണിയുടെ പരിക്കിനെക്കുറിച്ച് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗ് പറയുന്നത് ഇങ്ങനെ… 'കാലിലെ പരിക്ക് അല്പം സങ്കീര്‍ണ്ണമാണ്. ബാറ്റിംഗിനിടയിലോ ഓടുന്നതിനിടയിലോ വീണ്ടും പരിക്ക് ബാധിച്ചാല്‍ അത് ഈ സീസണ് തന്നെ നഷ്ടമാകുന്ന അവസ്ഥയുണ്ടാക്കും. അതുകൊണ്ടാണ് ഞങ്ങള്‍ അതീവ ജാഗ്രത പാലിക്കുന്നത്. വാം-അപ്പ് മത്സരത്തിനിടെ പരിക്ക് വീണ്ടും കടുത്തതായി. അതുകൊണ്ടാണ് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വിശ്രമം വേണ്ടിവരുന്നത്.' ഫ്ളെമിംഗ് പറഞ്ഞു.






