
നടന് സന്തോഷ് കെ നായരുടെ അപ്രതീക്ഷിത വിയോഗത്തില്‍ വേദന പങ്കുവെച്ച് നടന് മമ്മൂട്ടി. സന്തോഷിന്റെ വിയോഗ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ് താന്‍ എന്നാണ് നടന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സന്തോഷിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കുന്നു. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ്-മമ്മൂട്ടിയുടെ വാക്കുകള്‍.
ഇന്നലെ രാവിലെ അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു സന്തോഷ് കെ നായരുടെ അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്
1982 ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.






