
കൊൽക്കത്ത: തൃണമൂൽ ഇനി ബംഗാളിൽ അധികാരത്തിലെത്തില്ല എന്ന് ബിജെപി. ബോളിവുഡ് നടൻ അനുപം ഖേറിന്റെ കഷണ്ടിത്തലയിൽ മുടി കിളിർത്താൽ പോലും തൃണമൂലിന് ഇനി അധികാരം ലഭിക്കില്ല എന്നാണ് ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ സമിക് ഭട്ടാചാര്യ പരിഹാസരൂപേണ പറഞ്ഞത്. അതേസമയം, തന്നെക്കുറിച്ചുള്ള പരാമർശത്തിനു മറുപടിയുമായി അനുപം ഖേറും രംഗത്ത് വന്നുൻ
നടൻ അനുപം ഖേറിന്റെ കഷണ്ടിത്തലയിൽ ഇനി മുടി വളർന്നേക്കാം, എന്നാൽ ടിഎംസി അധികാരത്തിൽ തിരിച്ചെത്തുന്നത് "ചിന്തകൾക്കും അപ്പുറമാണ്" എന്നായിരുന്നു പരിഹാസ രൂപേണ ഭട്ടാചാര്യ പറഞ്ഞത്. 2011 മുതൽ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ പരാജയം അനിവാര്യമായിരുന്നു. ആകാശം ഭൂമിയിലേക്ക് പതിച്ചേക്കാം, കടൽ ആകാശത്തോളം ഉയർന്നേക്കാം, എന്തിന് അനുപം ഖേറിന്റെ കഷണ്ടിത്തലയിൽ പോലും മുടി വളർന്നേക്കാം, പക്ഷേ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുക എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അത് സാധ്യമല്ല, ഭട്ടാചാര്യ പറഞ്ഞു.
ഈ പരാമർശത്തിന് പിന്നാലെ അനുപം ഖേറും പ്രതികരണവുമായി രംഗത്തെത്തി. ഞാൻ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ച നടൻ എന്തിനാണ് തന്റെ തലയിൽ മുടി വളരണമെന്ന് ഭട്ടാചാര്യ ആഗ്രഹിക്കുന്നത് എന്നും ചോദിച്ചു.നിലവിലെ സാഹചര്യത്തിൽ, നൂറ് ജന്മം എടുത്താലും താൻ അങ്ങനെയൊന്ന് ആഗ്രഹിക്കില്ല എന്നും ഖേർ ഭട്ടാചാര്യക്കുള്ള മറുപടിയായി എക്സിൽ കുറിച്ചു. നടനും ബിജെപി അനുഭാവിയാണ് എന്നതാണ് രസകരമായ കാര്യം.






