
അന്തരിച്ച പോപ്പ് താരം മൈക്കല്‍ ജാക്സന്റെ പ്രശസ്തമായ ‘ഡെയ്ഞ്ചറസ്’ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നടി ശില്‍പ്പ ബാലയും സുഹൃത്തായ രഞ്ജിനി കുഞ്ചുവും. പോപ്പ് ഗാനമായ ഡെയ്ഞ്ചറസിന് സെമി ക്ലാസിക്കല്‍ നൃത്തച്ചുവടുകളാണ് ഇരുവരും അവതരിപ്പിച്ചത്. ശില്പ ബാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീല്‍ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര് കണ്ടു.
നൃത്തച്ചുവടുകള്‍ക്കൊപ്പം ഇരുവരുടെയും മുഖഭാവങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. പതിഞ്ഞതാളത്തില്‍ തുടങ്ങുന്ന നൃത്തം പിന്നീട് അല്‍പ്പം രൗദ്രഭാവത്തിലേക്ക് മാറുന്നത് വീഡിയോയില്‍ കാണാം. കറുത്ത വസ്ത്രവും ചുവപ്പും കറുപ്പും നിറത്തിലുളള ഷാളുമാണ് രണ്ട്പേരുടെയും വേഷം.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് നൃത്തം ഗംഭീരമായെന്ന് പറഞ്ഞ് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. ഗായിക രഞ്ജിനി ജോസ്, എസ്തര് അനില്‍, ദിവ്യ പിളള, കാര്‍ത്തിക് ശങ്കര്‍ എന്നിവരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.






