
ഓരോ മാസവും മോഡല്‍ നിരയില്‍ ഗംഭീര ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്ന കമ്പനിയാണ് മാരുതി സുസുക്കി. മെയ് മാസത്തിലും മാരുതി കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ച് മുമ്പോട്ട് എത്തിയിരിക്കുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധനേടുന്നത് ഫാമിലി കാറായ ബലേനോയില്‍ വാഗ്ദാനം ചെയ്യുന്ന ഓഫര്‍ തന്നെയാണ്. ബലേനോ ഈ മാസം വാങ്ങാന്‍ എത്തുന്നവരെ കാത്തിരിക്കുന്നത് 30,000 വരെയുള്ള ആനുകൂല്യങ്ങളാണെന്ന് മാരുതി സുസുക്കി പറയുന്നു. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ അധിക ആനുകൂല്യങ്ങളും ഈ ഓഫറില്‍ ഉള്‍പ്പെടുന്നുണ്ട്.
ഒരു സാധാരണ കുടുംബത്തിന് പാകത്തിന് വേണ്ട എല്ലാക്കാര്യങ്ങളും ലഭിക്കുന്ന മാരുതി ബലേനോയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളാണ് താങ്ങാനാവുന്ന വില, കിടിലന്‍ മൈലേജ്, ഉഗ്രന്‍ പെര്‍ഫോമന്‍സ്, കുറഞ്ഞ മെയിന്റനെന്‍സ്, നല്ല ഇന്റീരിയര്‍ സ്‌പേസ് എന്നിവ. നിലവില്‍ 5.99 ലക്ഷം രൂപ മുതല്‍ 9.10 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്നത്. ബലേനോയ്ക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകാനായി എത്തുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90 bhp പവറില്‍ പരമാവധി 113 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വേരിയന്റിലും വാഹനം തെരഞ്ഞെടുക്കാനാവുന്നതാണ്.
സാധാരണ സിഎന്‍ജിയില്‍ ഓടുമ്പോള്‍ പെര്‍ഫോമന്‍സില്‍ ചെറിയ കുറവുണ്ടാവുന്നുണ്ട് ബലേനോയ്ക്കും. എങ്കിലും കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ ഇന്ധനക്ഷമത വരെ ലഭിക്കും. ഇനി പെട്രോള്‍ തന്നെ മതിയെങ്കില്‍ മാനുവല്‍ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകള്‍ക്ക് 22.94 കി.മീ മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. മാരുതി സുസുക്കി ബലേനോ ആകെ 4 വേരിയന്റുകളിലും 6 കളര്‍ ഓപ്ഷനുകളിലും ലഭ്യമാണെന്നും ആളുകള്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ഫീച്ചറുകളുടെ കാര്യത്തില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍ എന്നിവയെല്ലാം പ്രീമിയം ഹാച്ച്ബാക്കില്‍ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയില്‍ ആദ്യതലമുറ മോഡലിനേക്കാള്‍ മിടുക്കനാണ് ഇപ്പോഴത്തെ ബലേനോ. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുള്ള മോഡല്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാര്‍ട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്‌സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് അവതരിപ്പിക്കുന്നത്.






