
കൊൽക്കത്ത: ഭരണമാറ്റം വന്നതോടെ പശ്ചിമബംഗാളിലെ പൊലീസിനും നല്ല രീതിയിൽ മനം മാറിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വമ്പൻ വിജയത്തിന് പിന്നാലെ കൊൽക്കത്ത പൊലീസിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ളവരെ കൊൽക്കത്ത പോലീസ് അൺഫോളോ ചെയ്തു.
മാറിയ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പിഎംഒ, എംഎച്ച്എ തുടങ്ങിയ ഔദ്യോഗിക അക്കൗണ്ടുകളെ പൊലീസ് ഇപ്പോൾ ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. സുവേന്ദു അധികാരി മെയ് 09-ന് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഈ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഈ മാറ്റത്തിന് പുറമെ, തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്തെയും നഗരത്തിലെ വിവിധ തൃണമൂൽ നേതാക്കളുടെ വസതികളിലെയും അധിക സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിക്കുന്ന നടപടിയും ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി 207 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തുന്നത്.






