
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന വിഡി സതീശൻ അനുകൂലികളുടെ പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് വലിച്ചുകീറിയത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിരിക്കുന്നു.
കോൺഗ്രസുകാർ ആരും അങ്ങിനെ ചെയ്യില്ല എന്നും പ്രകടനത്തിൽ കടന്നുകയറിയ ഏതോ ഇടതുപക്ഷക്കാരായിരിക്കും ഇതിനു പിന്നിലെന്നും ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ ആരോപണം ഉന്നയിച്ചു. കോൺഗ്രസ്സുകാർ ഇങ്ങനെ ചെയ്യില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കിൽ അത് ആവേശംകൊണ്ട് മതിമറന്ന് അറിയാതെ ചെയ്തതാവാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് വലിച്ചുകീറുന്ന പ്രതിഷേധം ഒരിക്കലും കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല എന്നായിരുന്നു കെ മുരളീധരന്റെ മറുപടി.
മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട് . ഇതൊന്നും നല്ലതിനല്ല എന്നായിരുന്നു മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ സി ജോസഫിന്റെ പ്രതികരണം.
ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് വലിച്ചുകീറിയവനെ കോൺഗ്രസ് ആയി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.






