
1998 ല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ഫാസില്‍ ചിത്രത്തിലെ ഗുപ്തന് എന്ന കഥാപാത്രമായെത്തി മലയാളികള്‍ക്ക് പരിചിതനായ അഭിനേതാവാണ് രാജീവ് മേനോന്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള രാജീവ്, ഛായാഗ്രഹകനായും പിന്നണിഗായകനായും കമ്പോസറായും സിനിമയുടെ അണിയറയിൽ സജീവമാണ്. തമിഴിലെ മുതിർന്ന സംവിധായകൻ മണിരത്നത്തിന്റെ ഹിറ്റ് ചിത്രങ്ങളായ ബോംബേ, ഗുരു, കടൽ തുടങ്ങിയവയിൽ ക്യാമറ ചലിപ്പിച്ചതും തമിഴിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ മിൻസാരക്കനവ്, കണ്ടുക്കൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാന ചെയ്തതും രാജീവാണ്.
ഇപ്പോഴിതാ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയില്‍ ഐശ്വര്യ റായ് ചെയ്യാനിരുന്ന കഥാപാത്രത്തിനായി മഞ്ജു വാര്യരെ സമീപിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഛായാഗ്രാഹകനും അഭിനേതാവുമായ രാജീവ് മേനോൻ. മിന്‍സാരക്കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ സിനിമകള്‍ ഒരുക്കുന്ന സമയത്ത് കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ഒരുപാട് കണ്ഫ്യൂഷനുണ്ടായിരുന്നെന്നാണ് രാജീവ് മേനോന് പറയുന്നത്.
‘‘മിന്സാരക്കനവിലേക്ക് നായികയായി ആദ്യം മനസില്‍ കണ്ടത് ഐശ്വര്യ റായ്യെ ആയിരുന്നു. ഒരുപാട് പരസ്യങ്ങളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത പരിചയം ഐശ്വര്യ റായ്യുമായി ഉണ്ടായിരുന്നു, അവര്‍ക്ക് കഥ ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഇരുവര്‍ എന്ന ചിത്രമുള്ളതിനാല്‍ ഐശ്വര്യ റായ് മിന്‍സാരക്കനവ് ചെയ്തില്ല. കാസ്റ്റിങ്ങിന്റെ കാര്യത്തിൽ പലപ്പോഴും ഞാൻ കുറച്ചധികം ശ്രദ്ധ നൽകാറുണ്ട്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന പടത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു. അതിലെ ഒരു കഥാപാത്രത്തിനായി ആരെ കാസ്റ്റ് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചു. വളരെ
ബോൾഡായ, ശക്തമായ ഒരു സ്ത്രീ കഥാപാത്രം വേണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാൻ മഞ്ജു വാര്യരുടെ സിനിമകൾ ധാരാളമായി കാണുമായിരുന്നു. മഞ്ജു വാര്യർ ആ റോളിലേക്ക് കറക്റ്റ് ആയിരിക്കും എന്ന് എനിക്ക് തോന്നി. ഞാൻ മഞ്ജുവിനെ പോയി കണ്ടു.
മഞ്ജുവിന് കഥയൊക്കെ ഇഷ്ടമായി. പക്ഷേ അവർ ഡേറ്റ് തന്നില്ല. കാരണം അവർക്ക് അന്ന് കല്യാണം കഴിഞ്ഞ് സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു. അതുകൊണ്ട് കഥ നല്ലതാണ്, പക്ഷേ ഞാൻ പറയാമെന്നാണ് മഞ്ജു പറഞ്ഞത്. പക്ഷേ അവർ പിന്നീട് ഒന്നും പറഞ്ഞില്ല.
പിന്നീടാണ് ആ കഥാപാത്രം തബുവിലേക്ക് എത്തിയത്. തബു സിനിമയ്ക്ക് ഓക്കെ പറഞ്ഞു. തബുവിന് ആ സിനിമയിൽ ഒരു പ്രത്യേകതരം ഇമോഷൻ ഉണ്ടായിരുന്നു. യുഗങ്ങളായിട്ടുള്ള ആ ഒരു വേദന തബുവിന് തന്റെ ഒരു നോട്ടം കൊണ്ട് കൊണ്ടുവരാൻ സാധിക്കുമായിരുന്നു. ഒരുപാട്
ലെയറുകളും ഇമോഷനുകളുമുള്ള കഥാപാത്രം തബു ഗംഭീരമാക്കി. പിന്നെ വേണ്ടിയിരുന്നത് അതിനു ഓപ്പോസിറ്റായി അത്ര തന്നെ ഗംഭീരയായ ഒരു അഭിനേത്രിയെയായിരുന്നു. പക്ഷേ എനിക്ക് ആരെയും കിട്ടിയില്ല. ഞാൻ സൗന്ദര്യയെ പോയി കണ്ടു. അതും നടന്നില്ല. അന്ന് ലത ചോദിച്ചു ‘എന്തുകൊണ്ട് ഐശ്വര്യയോട് ചോദിച്ചുകൂടാ’ എന്ന്.
ഐശ്വര്യ ആ സമയത്ത് ‘ഇരുവർ’ ഒക്കെ കഴിഞ്ഞ് ‘താലി’ൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഐശ്വര്യയോട് കഥ പറഞ്ഞപ്പോൾ അവർ കരഞ്ഞുപോയി. തീർച്ചയായും ഞാൻ ഈ സിനിമ ചെയ്യും എന്ന് അവർ പറഞ്ഞു. എനിക്ക് പൈസയൊന്നും പ്രശ്നമല്ല, നിങ്ങൾ പണ്ട് മണിരത്നത്തിന്റെ സിനിമ ചെയ്യാൻ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അത് എന്റെ കരിയറിൽ വലിയൊരു മാറ്റമുണ്ടാക്കി. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ചെയ്യുമെന്ന് ഐശ്വര്യ റായ് പറഞ്ഞു....’’ രാജീവ് മേനോൻ പറയുന്നു.
ഒരിടവേളക്ക് ശേഷം രാജീവ് മേനോൻ ക്യാമറയ്ക്ക് പിന്നിൽ നിന്നും മുന്നിലേക്കെത്തു ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ്. സിനിമയില്‍ ഹഫദ് ഫാസിലിന്റെ പിതാവായുളള രാജീവിന്റെ പ്രകടനം വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് മേനോന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയിലെ ഗുപ്തന് എന്ന കഥാപാത്രമായിട്ടാണ് രാജീവ് എത്തിയത്. സിനിമയുടെ ആദ്യന്തം നിറസാന്നിധ്യമായിരുന്നു ഗുപ്തന്. മൂന്ന് പതിറ്റാണ്ടിനോടടുത്തിട്ടും ഇന്നും ഗുപ്തന് മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നുണ്ട്.






