
ബാഴ്സലോണ: ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സലോണ സ്പാനിഷ് ലാ ലിഗ കിരീടത്തില്‍ മുത്തമിട്ടു. സീസണ് അവസാനിക്കാന്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് നൗ ക്യാമ്പില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ബാഴ്സ തങ്ങളുടെ 29-ാം ലീഗ് കിരീടം ഉറപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കിരീടം ബാഴ്സലോണയിലെത്തുന്നത്.
എല്‍ക്ലാസ്സിക്കോയില്‍ വിജയിച്ച് രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ 14 പോയിന്റ് മുന്നിലെത്തിയതോടെയാണ് ബാഴ്സിലോണ കിരീടം ഉറപ്പിച്ചത്. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് റയലിനെ ബാഴ്സിലോണ തോല്‍പ്പിച്ചത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവര്‍ ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലോണിലെത്തിയ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ അതിമനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെയാണ് ബാഴ്സലോണ തുടങ്ങിയത്. ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവയുടെ വിരലുകളില്‍ തട്ടിയെങ്കിലും പന്ത് വലയില്‍ തറച്ചു. 18-ാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ പാസ്സില്‍ നിന്ന് ഫെറാന്‍ ടോറസ് രണ്ടാം ഗോള്‍ നേടി ബാഴ്സയുടെ വിജയം ഉറപ്പിച്ചു.
കഴിഞ്ഞ വാരാന്ത്യത്തില്‍ പരിശീലകന് ഹാന്‍സി ഫ്ലിക്കിന്റെ പിതാവ് അന്തരിച്ചിരുന്നു. അതിനാല്‍ തന്നെ ഗോള്‍ നേടിയ ശേഷം റാഷ്ഫോര്‍ഡും ടോറസും പരിശീലകന്റെ അടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചത് നൗ ക്യാമ്പിനെ വികാരാധീനമാക്കി. ബാഴ്സിലോണയുടെ മൈതാനമായ ന്യൂകാമ്പ് പുതുക്കിപ്പണിത ശേഷമുള്ള 18 മത്സരങ്ങളിലും വിജയിച്ച് ബാഴ്സലോണ തങ്ങളുടെ തട്ടകം ഭദ്രമാക്കി. ലീഗില്‍ തുടര്‍ച്ചയായ 11-ാം വിജയമാണ് ഈ എല്‍ ക്ലാസിക്കോയിലൂടെ അവര്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ 14 പോയിന്റ് മുന്നിലെത്തിയതോടെ ബാഴ്സയുടെ ഒന്നാം സ്ഥാനം അജയ്യമായി.
സഹതാരം ഫെഡറിക്കോ വാല്വെര്ദെയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചര്‍ച്ചയായ ഔറേലിയന്‍ ചൗമേനി റയലിനായി ഇറങ്ങിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ വാല്‍വെര്‍ദെയുടെ അഭാവം റയലിന് തിരിച്ചടിയായി. പരിശീലകന് ആല്‍വാരോ അര്‍ബെലോവയ്ക്ക് കീഴില്‍ ഇറങ്ങിയ റയലിന് ബാഴ്സയുടെ ഗോള്‍മുഖത്ത് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ലഭിച്ച അവസരം ഗോളായിരുന്നെങ്കില്‍ വിജയത്തിന്റെ ആക്കം കൂടുമായിരുന്നു.
കളി അവസാനിച്ചതോടെ 'ചാമ്പ്യന്‍സ്, ചാമ്പ്യന്‍സ്' വിളികളാല്‍ പുതുക്കിപ്പണിത നൗ ക്യാമ്പ് സ്റ്റേഡിയം മുഖരിതമായി. ഇതോടെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ റയല്‍ മാഡ്രിഡുമായുള്ള (36 കിരീടങ്ങള്‍) ബാഴ്സയുടെ വ്യത്യാസം ഏഴായി കുറഞ്ഞു.




