
മുംബൈ: ഐപിഎല്ലില്‍ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള രണ്ടു ടീമുകള്‍ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍കിംഗ്സും ചാംപ്യന്മാര് റോയല്‍ ചലഞ്ചേഴ്സ് ബംഗലുരുവുമാണ്. വിരാട്കോഹ്ലിയും സഞ്ജു വി സാംസണും കളിക്കുന്നത് കൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട ടീമുകളാണ് ഇവ. അതുകൊണ്ടു തന്നെ ഈ സീസണില്‍ ഈ ടീമുകള്‍ കപ്പടിക്കുമോ എന്ന ആകാംഷ വലുതാണ്.
ലക്നൗ സൂപ്പര്ജയന്റ്സിനെതിരേയുള്ള കഴിഞ്ഞ മത്സരത്തിലെ വിജയം കുടിയായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ളേഓഫ് സാധ്യത വലിയ ചര്‍ച്ചയാണ്. കഴിഞ്ഞ 5 മത്സരങ്ങളില്‍ സിഎസ്കെയുടെ നാലാം വിജയമാണിത്. നിലവിലെ 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി സിഎസ്കെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേഓഫ് ഉറപ്പാക്കാന്‍ സാധാരണയായി 16 പോയിന്റാണ് വേണ്ടത്. ഇനി സിഎസ്കെയ്ക്ക് മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ പോലും അവര്‍ക്ക് പ്ലേഓഫ് ഉറപ്പിക്കാം.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ലക്നൗ, ജോഷ് ഇംഗ്ലീസിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ (33 പന്തില്‍ 85 റണ്‍സ്) കരുത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സിഎസ്കെയ്ക്കായി ഉര്‍വില്‍ പട്ടേല്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. വെറും 13 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ അദ്ദേഹം (23 പന്തില്‍ 65 റണ്‍സ്) ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറി എന്ന റെക്കോര്‍ഡിനൊപ്പമെത്തി.
അവസാന ഓവറില്‍ ശിവം ദുബെ രണ്ട് സിക്സറുകള്‍ പറത്തി വിജയം ഉറപ്പാക്കി. മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സും ലക്നൗ സൂപ്പര്‍ ജയന്റ്സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ആര്‍സിബി നിലവില്‍ ഒന്നാമതാണ്. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും 14 പോയിന്റ് വീതമുണ്ട്.
പ്ലേഓഫ് ഉറപ്പിക്കാന്‍ ആര്‍സിബിക്ക് ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം കൂടി മതിയാകും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ അവര്‍ക്ക് കുറഞ്ഞത് രണ്ട് വിജയങ്ങളെങ്കിലും ആവശ്യമായി വരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കെതിരേ എതിരാളികളുടെ തട്ടകത്തിലാണ് മത്സരമെന്നത് അവര്‍ക്ക് നെഞ്ചിടിപ്പാണ്.




