
ഇന്ത്യയിലെത്തുന്ന പല വിദേശികളും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പോളണ്ട് സ്വദേശിനി ഡൊമിനിക്ക പറ്റാലസ് കല്‍റ തന്റെ ഇന്ത്യന്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പത്ത് വര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ തനിക്ക് ഇവിടുത്തെ ജീവിതം എത്രത്തോളം സുഗമമാണെന്നും, വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നുമാണ് ഡൊമിനിക്ക വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ 'ക്വിക് കൊമേഴ്സ്' സേവനങ്ങളെയാണ് യുവതി പ്രധാനമായും പുകഴ്ത്തുന്നത്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഐഫോണ്‍ വരെയും വെറും പത്ത് മിനിറ്റിനുള്ളില്‍ വീട്ടുപടിക്കല്‍ എത്തുന്ന സംവിധാനം അതിശയകരമാണെന്ന് അവര്‍ പറയുന്നു. എന്തിനും ഏതിനും പുറത്തിറങ്ങി ബുദ്ധിമുട്ടേണ്ടി വരുന്നില്ല എന്നത് ഇന്ത്യയിലെ ജീവിതം ഏറെ എളുപ്പമാക്കുന്നു എന്നാണ് ഡൊമിനിക്കയുടെ പക്ഷം.
വീടുകളുടെ നിര്‍മ്മാണരീതിയും സാധനങ്ങളുടെ വില നിയന്ത്രണവുമാണ് യുവതി എടുത്തുപറയുന്ന മറ്റ് കാര്യങ്ങള്‍. കിടപ്പുമുറികളോട് ചേര്‍ന്നുള്ള ബാത്ത്റൂം സൗകര്യം (അറ്റാച്ച്ഡ് ബാത്ത്റൂം) വിദേശ രാജ്യങ്ങളില്‍ അത്ര സാധാരണമല്ലെന്നും ഇത് വളരെ സൗകര്യപ്രദമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, എല്ലാ ഉല്‍പ്പന്നങ്ങളിലും എം.ആര്.പി രേഖപ്പെടുത്തുന്ന രീതി ഉപഭോക്താക്കള്‍ക്ക് വലിയ സഹായമാണെന്നും ഈ മാതൃക ലോകമെമ്പാടും പിന്തുടരേണ്ടതാണെന്നും ഡൊമിനിക്ക വീഡിയോയില്‍ പറയുന്നു.






