
രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി നടി സോനം കപൂറും ഭര്‍ത്താവും ആനന്ദ് അഹൂജയും. രുദ്രലോക് കപൂര്‍ അഹൂജ എന്നാണ് മകന് ഇരുവരും പേര് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് ഇരുവരും ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ പേരിന്റെ അര്‍ഥവും പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്.
‘നമ്മുടെ ജീവിതത്തെ വീണ്ടും മാറ്റിമറിച്ച ആ ദൈവിക ശക്തിയുടെ സ്മരണയില്‍.. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍, ഏകാദശി എന്ന പുണ്യ ദിനത്തില്‍ ജനിച്ച ഞങ്ങളുടെ രണ്ടാമത്തെ മകന് ഒരു നിമിത്തമായി ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നു. ഒരു കര്‍മ്മബന്ധം, അവന്റെ ജ്യേഷ്ഠനുമായുള്ള ഒരു ദൈവിക ജോടി, ഞങ്ങള്‍ ആഴത്തില്‍ ആദരിക്കുന്ന ഒരു അനുഗ്രഹം. സ്നേഹത്തോടും നന്ദിയോടും കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ‘രുദ്രലോക് കപൂര്‍ ആഹൂജ’
വേദങ്ങളില്‍, 'രുദ്' (അലര്‍ച്ച) എന്ന വാക്കില്‍ നിന്ന് ഉത്ഭവിച്ച 'രുദ്രന് 'എന്നാല്‍ ശക്തിശാലികളില്‍ വച്ച് ഏറ്റവും ശക്തനാണ്. ദുഃഖങ്ങളെ അതിന്റെ വേരില്‍ നിന്ന് തന്നെ ഇല്ലാതാക്കുന്നവന്; കൊടുങ്കാറ്റിനും ശ്വാസത്തിനും രോഗശാന്തിക്കും പുനര്‍ജന്മത്തിനും പിന്നിലെ ദൈവിക ശക്തി.
എല്ലാ ജീവജാലങ്ങളിലൂടെയും ചലിക്കുന്ന പ്രാണനായ വായുവുമായി അദ്ദേഹം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ആദ്യപുത്രന് ജീവന്റെ നിലനില്‍പ്പിന് കാരണഭൂതനായ വിഷ്ണുവിന്റെ (വായു) നാമം വഹിക്കുന്നു. രുദ്രന്റെ വരവോടെ ഒരു പവിത്രമായ തുടര്‍ച്ച ഇവിടെ തെളിയുന്നു. ശ്വാസവും കരുത്തും. പരിപാലനവും പരിവര്‍ത്തനവും. ഒന്ന് മറ്റൊന്നിന് കരുത്തേകുന്നു.
തന്റെ പേരുപോലെ തന്നെ, രുദ്രന് ഭയരഹിതനും ദയാലവും അഗാധമായ തിരിച്ചറിവുള്ളവനും കരുത്തിന്റെയും വെളിച്ചത്തിന്റെയും പ്രതീകവുമായി വളരട്ടെ. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്,സോനം, ആനന്ദ്, വായു, രുദ്ര’എന്നാണ് സോനം കുറിച്ചത്. കുടുംബചിത്രങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
കജോള്‍, കരണ്‍ ജോഹര്‍, അലിയ ഭട്ട്, തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായെത്തിയത്. അതേസമയം 2018-ലായിരുന്നു സോനത്തിന്റെയും ആനന്ദിന്റെയും വിവാഹം. ആദ്യത്തെ മകന് വായു 2022-ലാണ് ജനിച്ചത്.






