
വാഹനങ്ങള്‍ക്ക് പിന്നില്‍ രസകരമായ വാചകങ്ങള്‍ എഴുതിവെക്കുന്നത് പലപ്പോഴും നമ്മള് കാണാറുള്ളതാണ്. സാധാരണയായി ഓട്ടോറിക്ഷകളിലാണ് ഇത്തരം സര്‍ഗ്ഗാത്മകമായ വരികള്‍ പ്രത്യക്ഷപ്പെടാറുള്ളതെങ്കില്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള ഒരു കാറിന്റെ ദൃശ്യങ്ങളാണ്. ദിവ്യാന്‍ഷ് വിനായക് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോയിലെ കാറുടമയുടെ വ്യത്യസ്തമായ മുന്നറിയിപ്പാണ് നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്.
കാറിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍.ഇ.ഡി ഡിസ്പ്ലേയില്‍ തെളിയുന്ന വാചകമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. 'കീപ് ഡിസ്റ്റന്‍സ്... വണ്ടി എവിടെയെങ്കിലും തട്ടിയാല്‍ എന്റെ ഭാര്യ എന്നെ തല്ലും' എന്നാണ് ഉടമ തന്റെ വാഹനത്തിന് പിന്നില്‍ കുറിച്ചിരിക്കുന്നത്. സാധാരണയായി 'ഹോണ്‍ പ്ലീസ്' അല്ലെങ്കില്‍ 'കീപ് ഡിസ്റ്റന്‍സ്' എന്ന് മാത്രം കാണാറുള്ള ഇടത്താണ്, വീട്ടിലെ സമാധാനം ഓര്‍ത്ത് കാറുടമ ഇത്തരമൊരു രസകരമായ അഭ്യര്‍ത്ഥനയുമായി രംഗത്തിറങ്ങിയത്.
'നോയിഡയില്‍ മാത്രം സംഭവിക്കുന്നത്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി മാറി. നിരവധിപ്പേരാണ് ഈ സത്യസന്ധമായ മുന്നറിയിപ്പിന് താഴെ കമന്റുകളുമായി എത്തുന്നത്. 'ഇതിലും വലിയൊരു സുരക്ഷാ മുന്നറിയിപ്പ് ഇനി വരാനില്ല' എന്നും, റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ വണ്ടികളിലും ഇത് നിര്‍ബന്ധമാക്കണമെന്നും ആളുകള്‍ തമാശരൂപേണ കുറിക്കുന്നു. എന്തായാലും ഈ വ്യത്യസ്തമായ ഐഡിയ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.






