
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് മാതൃദിനാശംസകളുമായി ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസ്. മകള്‍ മാള്‍ട്ടി മേരിക്കൊപ്പമുളള പ്രിയങ്കയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നിക്ക് തന്റെ സ്നേഹം അറിയിച്ചത്.
‘നീ ഞങ്ങളുടെ ചിറകുകള്‍ക്ക് പിന്നിലെ കരുത്താണ്. മാതൃദിനാശംസകള്‍ എന്റെ ജാന്‍. ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിക്ക് കുറിച്ചത്. സ്വിമ്മിംഗ് പൂളില്‍ മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന പ്രിയങ്കയുടെ ചിത്രവും, മകള്‍ക്കൊപ്പം ചുവന്ന വസ്ത്രമണിഞ്ഞു നില്ക്കുന്ന ചിത്രവും ഒരു കുടുംബചിത്രവുമാണ് നിക്ക് ആരാധകര്‍ക്കായി പങ്കുവെച്ചത്. പതിവുപോലെ മകളുടെ മുഖം ഹൃദയ ഇമോജി കൊണ്ട് മറച്ചാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 2022 ജനുവരി 15 നാണ് വാടകഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസ് ജനിച്ചത്.






