
മാതൃദിനത്തില്‍ തന്റെ ജീവിതത്തിലെ കരുത്തായ സ്ത്രീകള്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ച് ബോളിവുഡ് താരം വിവേക് ഒബ്റോയ്. അമ്മമാര്‍ കേവലം കുട്ടികളെ വളര്‍ത്തുക മാത്രമല്ല, വരാനിരിക്കുന്ന തലമുറകളെക്കൂടി വാര്‍ത്തെടുക്കുകയാണെന്ന് താരം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതില്‍ അമ്മയ്ക്കുളള പങ്കിനെക്കുറിച്ചും നടന് വാചാലനായി. ‘അമ്മമാര്‍ നമ്മളെ വളര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. അവര്‍ നമുക്ക് ശേഷം വരുന്ന തലമുറകളെക്കൂടി കെട്ടിപ്പടുക്കുകയാണ്. എന്നെയും എന്റെ സഹോദരിയെയും വാര്‍ത്തെടുത്ത കരുത്ത് എന്റെ അമ്മയാണ്. ജീവിതത്തിലെ പല പ്രതിസന്ധികളിലും ഞങ്ങളെ ചേര്‍ത്തു പിടിച്ച അമ്മ, നന്മ മാത്രാമാണ് എന്നും നിലനില്‍ക്കുന്നതെന്ന് ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഒരു ശാശ്വത താവളവും എവിടെപ്പോയാലും കൂടെയുണ്ടാകുന്ന ആത്മവിശ്വാസവും അമ്മ ഞങ്ങള്‍ക്ക് നല്കി ’വിവേക് ഒബ്റോയി കുറിച്ചു.
ഭാര്യ പ്രിയങ്കയെയും സഹോദരി മേഘ്നയെയും അഭിനന്ദിക്കാനും താരം മറന്നില്ല. മക്കളായ വിവാന്റെയും അമേയയുടെയും ജീവിതത്തിലെ വലിയ താങ്ങാണ് പ്രിയങ്കയെന്നും, മക്കളെ കരുത്തുള്ളവരായി വളര്‍ത്തുന്നതില്‍ സഹോദരി മേഘ്ന അമ്മയുടെ അതേ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ അമ്മയ്ക്കും, അടുത്ത തലമുറയെ രൂപപ്പെടുത്തുന്ന സ്ത്രീകള്‍ക്കും നന്ദി. എന്റെ ലോകമായവര്ക്ക് മാതൃദിനാശംസകള്‍,’ എന്ന് കുറിച്ചുകൊണ്ടാണ് വിവേക് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. അമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
അതേസമയം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിലാണ് വിവേക് ഒബ്റോയ് അടുത്തതായി അഭിനയിക്കുന്നത്. പ്രഭാസ് നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിവേക് എത്തുന്നത്. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക.






