
ഡമാസ്കസ്ഃ പുരാതന യൂഫ്രട്ടീസ് നദി മുമ്പെങ്ങുമില്ലാത്തവിധം വറ്റിവരളുന്നതായി റിപ്പോർട്ടുകൾ. നദിയിലെ ജലനിരപ്പ് താഴുന്നത് മധ്യപൂർവേഷ്യയിൽ വലിയ പാരിസ്ഥിതിക ആശങ്കകൾ ഉണ്ടാക്കുന്നതിനൊപ്പം ബൈബിൾ പ്രവചനങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും കാരണമായിരിക്കുന്നു.
യൂഫ്രട്ടീസ് വറ്റുന്നത് ബൈബിളിലെ 'വെളിപാട് പുസ്തകത്തിലെ' ഭാഗങ്ങൾ വീണ്ടും ചർച്ചയാക്കാൻ ചില വിഭാഗം വിശ്വാസികളെ പ്രേരിപ്പിക്കുന്നുവെന്ന് 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ടുചെയ്തു. അന്ത്യകാലത്തെ പ്രധാന സംഭവങ്ങൾക്ക് മുന്നോടിയായി നദി വറ്റിവരളുമെന്ന് അതിൽ പരാമർശിക്കുന്നുണ്ട്.
കിഴക്കൻ തുർക്കിയിൽ നിന്ന് ആരംഭിച്ച് സിറിയയിലൂടെയും ഇറാഖിലൂടെയും ഏകദേശം 1,800 മൈൽ ദൂരത്തിൽ ഒഴുകുന്ന യൂഫ്രട്ടീസ് നദി, ടൈഗ്രിസ് നദിയുമായി ചേർന്ന് പേർഷ്യൻ ഗൾഫിലാണ് പതിക്കുന്നത്. നാഗരികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന പുരാതന 'ഫെർട്ടൈൽ ക്രസന്റുമായി' ചരിത്രപരമായി ഈ നദി ബന്ധപ്പെട്ടുകിടക്കുന്നു.
"കിഴക്കുനിന്നുള്ള രാജാക്കന്മാർക്ക്" വഴിയൊരുക്കുന്നതിനായി യൂഫ്രട്ടീസ് നദി വറ്റിവരളുന്നതിനെക്കുറിച്ച് വെളിപാട് 16:12-ൽ പറയുന്നുണ്ട്. പലരും ഇതിനെ യേശുവിന്റെ വരവിനും അന്തിമ യുദ്ധത്തിനുമായി ഒരുങ്ങുന്ന പ്രതീകാത്മകമായ ഒരു സംഭവമായാണ് കണക്കാക്കുന്നത്. പഴയ നിയമത്തിലെ ചില ഭാഗങ്ങളിലും ജലക്ഷാമത്തെക്കുറിച്ചും നദികൾ വറ്റുന്നതിനെക്കുറിച്ചും പരാമർശങ്ങളുണ്ട്.
എന്നാൽ, ശാസ്ത്രജ്ഞരും പാരിസ്ഥിതിക വിദഗ്ധരും ഈ പ്രതിസന്ധിക്ക് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും മറ്റ് കാരണങ്ങളുമാണ്. ആഗോളതാപനവും ദീർഘകാലമായി തുടരുന്ന വരൾച്ചയും. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ.
2013-ലെ നാസയുടെ പഠനമനുസരിച്ച്, 2003-നും 2009-നും ഇടയിൽ ടൈഗ്രിസ്-യൂഫ്രട്ടീസ് നദീതടങ്ങളിൽ നിന്ന് ഏകദേശം 117 ദശലക്ഷം ഏക്കർ-അടി ശുദ്ധജലം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. സുസ്ഥിരമല്ലാത്ത ജലവിനിയോഗവും മോശമായ കാലാവസ്ഥയുമാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറഞ്ഞു. ജലക്ഷാമം ഇതിനോടകം തന്നെ ഇറാഖിലെയും സിറിയയിലെയും കാർഷിക മേഖലയെ ബാധിച്ചുകഴിഞ്ഞു. കൃഷിനാശം, കുടിവെള്ള മലിനീകരണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കൂടാതെ, കമ്പ്യൂട്ടർ എഞ്ചിനീയറായ ഡോ. കോൺസ്റ്റാന്റിൻ ബോറിസോവ് 'ആർക്കിയോളജിക്കൽ ഡിസ്കവറി' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു സിദ്ധാന്തത്തെക്കുറിച്ചും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബൈബിളിൽ പറയുന്ന 'ഏദൻ തോട്ടം' മെസൊപ്പൊട്ടേമിയയ്ക്ക് പകരം ഈജിപ്തിന് സമീപമായിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഈ സിദ്ധാന്തം മുഖ്യധാരാ ചരിത്രകാരന്മാരോ പുരാവസ്തു ഗവേഷകരോ അംഗീകരിച്ചിട്ടില്ല.






