
തിരുവനന്തപുരം: കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അമർഷവുമായി ഷിബു ബേബിജോൺ. വിജയത്തിന്റെ ശോഭകെടുന്നതിനു മുമ്പു തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്ല നാടൻ ഭാഷയിലാണ് മറുപടി നൽകേണ്ടത്. എന്നാൽ, തൽക്കാലം അത് ചെയ്യുന്നില്ല. കാരണം, ഇന്നലെ വരെ ഒരുമിച്ചു നീങ്ങിയവരാണ്. നാളെയും അതുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ആരെന്ന് വൈകാതെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നും ഷിബു ബേബിജോൺ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് കാര്യമില്ല എന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സന്റെ പരാമർശത്തോട് അതിരൂക്ഷമായാണ് ഷിബു ബേബിജോൺ പ്രതികരിച്ചത്. ഹസ്സൻ പറഞ്ഞത് സാങ്കേതികമായി ശരിയായിരിക്കും. അതിന് മറുപടി അർഹിക്കുന്നില്ല. യുഡിഎഫ് വിജയത്തിനായി ഞങ്ങളും കുറേ വെള്ളം കോരിയതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ അതൃപ്തി വളരുന്നു എന്ന് കോൺഗ്രസ് നേതാക്കളും സമ്മതിക്കുന്നുണ്ട്. തീരുമാനം വൈകരുത് എന്നും ജനങ്ങളാണ് യജമാനന്മാരെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ അഭിപ്രായപ്പെട്ടിരുന്നു.






