
കാസര്‍ഗോഡ് : കാസർഗോഡ് ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും കുത്തേറ്റു.
മൺപുറ്റിൽ കൂടു കൂട്ടിയ കടന്നലുകളാണ് കുത്തിയത്.പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണതോടെ കടന്നലുകൾ കൂട്ടമായി കുത്തുകയായിരുന്നു. ഉടൻ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജയനോടൊപ്പമുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദീർഘകാലമായി അധ്യാപന രംഗത്ത് സജീവമായിരുന്ന വിജയൻ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു.






