
2026 ലെ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും അതിന്റെ ജനവിധിയും കഴിഞ്ഞിട്ട് ദിവസങ്ങളിത്ര കഴിഞ്ഞിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര ആര്‍ക്കാണ് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് എട്ട് ദിവസം ആയിട്ടും തങ്ങളുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ മലയാളികളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതും ഇക്കാര്യങ്ങളാണ്.
അന്യസംസ്ഥാനത്തിലുള്ളവര് പോലും മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള ഇവിടുത്തെ അടിയും പോരും വഴക്കും സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്ന വി ഡി സതീശന്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ കെപിസിസി മുന്‍ പ്രസിഡന്റുമാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നേതൃത്വം ദില്ലിയിലേക്ക് വിഷയത്തില്‍ അഭിപ്രായം തേടാനായി വിളിപ്പിച്ചിട്ടുമുണ്ട്. എങ്കിലും ഇതുവരെ ഇതിനുള്ള തീരുമാനമൊന്നും ആയിട്ടില്ല.
ഇപ്പോഴിതാ അതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന തന്റെ ആഗ്രഹം തമാശ രൂപേണ പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം സിദ്ദിഖ്. ഒരു പ്രമുഖ ദിനപത്രത്തിന്റെ ആദ്യ പേജില്‍ വന്ന പസില്‍ പൂരിപ്പിച്ചാണ് ഇത്തവണ സിദ്ദിഖ് തന്റെ നിലപാട പങ്കിട്ടിരിക്കുന്നത്. വ്യത്യസ്തമായ ഈ പസിലില് മുഖ്യമന്ത്രിയെ നമുക്ക് കണ്ടെത്താം എന്ന തലക്കെട്ടോടെയാണ് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒളിഞ്ഞിരിക്കുന്ന പേര് കണ്ടെത്തുക എന്നതാണ് പസില്‍.
പ്രധാനമായും പരിഗണിക്കപ്പെടുന്ന മൂന്ന് നേതാക്കളുടെയും പേരുകളും മറ്റ് ചില കൗതുകങ്ങളും ഈ പസിലില് ഉണ്ട്. ഇതില്‍ സതീശന്റെ പേര് അടയാളപ്പെടുത്തിയാണ് സിദ്ദിഖ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. താരം പങ്കിട്ട ഈ പോസ്റ്റിന് 17,000 ത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ചുകൊണ്ട് സിദ്ദിഖ് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തന്റെ കുറിപ്പ് പങ്കിട്ടിരുന്നു. ‘‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാന കാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും.
ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.
ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.
എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.
V D സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരനെയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.
മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. V D സതീശൻ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവു...’’ എന്നായിരുന്നു സിദ്ദിഖ് കുറിച്ചത്.






