
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന്റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഒരു മണിക്ക് യോഗം നടക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും സമയത്തില്‍ മാറ്റം വന്നേക്കാമെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ രാഹുല്‍ഗാന്ധി കെ.സി. വേണുഗോപാലിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായാണ് വിവരം.
കെ.സി.വേണുഗോപാലും രാഹുല്‍ഗാന്ധിയും തമ്മില്‍ രാവിലെ തന്നെ കൂടിക്കാഴ്ച നടത്തി. കെ.സി. വേണുഗോപാല്‍ രാഹുലിന്റെ വസതിയില്‍ എത്തിയിരിക്കുകയാണ്. കെ.സി. വേണുഗോപാലിനെ രാഹുല്‍ഗാന്ധി നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്കായി വിളിച്ചുവരുത്തിയതാണെന്നാണ് വിവരം. രാഹുലിന്റെ വസതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ കേരളത്തില്‍ സംഘടനാ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയോടും ഡല്‍ഹിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇരുവരും വൈകിട്ട് കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
നേരത്തേ മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം വിവരം തങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്ന് മുസ്ലീംലീഗ് നേരത്തെ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി കാര്യത്തില്‍ മുസ്ലീംലീഗ് ചില നിര്‍ദേശങ്ങള്‍ മുമ്പോട്ട് വെച്ചിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍ ആലോചിക്കണമെന്നാണ് മുസ്ളീം ലീഗ് അറിയിച്ചിരിക്കുന്നത്. ആദ്യം മുതല്‍ തന്നെ വി.ഡി. സതീശന് വേണ്ടി ശക്തമായ പിന്തുണയാണ് മുസ്ളീം ലീഗ് നല്‍കുന്നത്. മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഹൈക്കമാന്റില്‍ നിന്നുള്ള തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ലീഗ് യോഗം ചേര്‍ന്ന് തീരുമാനം എടുക്കുക.
രാഹുലിന്റെ ഔദ്യോഗിക വസതിയിലേക്ക് രാവിലെ 9 മണിയോടെ തന്നെ കെ.സി. വേണുഗോപാല്‍ എത്തി. ഹൈക്കമാന്റിന്റെ തീരുമാനം ആദ്യം കെ.സി. വേണുഗോപാലിനെ നേരിട്ടു വിളിപ്പിക്കുകയും മറ്റു രണ്ടുപേരുമായി ഫോണില്‍ ബന്ധപ്പെടുമെന്നുമാണ് കരുതുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഏത് ഉയര്‍ന്ന പദവികള്‍ തീരുമാനിക്കുമ്പോഴും ആ വിവരം വിളിച്ചുവരുത്തി ഔദ്യോഗികമായി അറിയിക്കന്ന രീതിയുണ്ട്. അങ്ങിനെയാണെങ്കില്‍ ഹൈക്കമാന്റ് എടുത്ത തീരുമാനം ആദ്യമായി അറിയിക്കുക കെ.സി.വേണുഗോപാലിനെ ആയിരിക്കുമെന്ന് ഉറപ്പാണ്.
നേരത്തേ ഹൈക്കമാന്റ് കേരളാമുഖ്യമന്ത്രിയെ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. വിവരം നേതാക്കളെ അറിയിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. ഇക്കാര്യം മൂന്ന് പേരെയും ഘടകകക്ഷി നേതാക്കളെയും അറിയിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് വിവരം. ഇന്ന് നിയമസഭാ കക്ഷിയോഗത്തിലാകും പ്രഖ്യാപനം ഉണ്ടാകുക. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.






