
ന്യൂഡല്‍ഹി: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന കേരളാ മുഖ്യമന്ത്രിക്കായുള്ള പ്രഖ്യാപനം ഡല്‍ഹിയില്‍ നടത്തുമോ? ഇതിന്റെ സൂചനയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്. 12 മണിക്ക് എഐസിസി ആസ്ഥാനത്ത് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, നിരീക്ഷകരായി കേരളത്തില്‍ എത്തിയ അജയ്മാക്കന്, മുകുള്‍ വാസ്നിക്ക് എന്നിവര്‍ ചേര്‍ന്ന് മാധ്യമങ്ങളെ കാണും. ഇതിന്
ഈ വാര്‍ത്താസമ്മേളനത്തില്‍ ആരാകും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ഹൈക്കമാന്റ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും മല്ലികാര്‍ജ്ജുന ഖര്‍ഗേ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തതായി വിവരമുണ്ട്. കേരളത്തില്‍ ആയിരിക്കില്ല പ്രഖ്യാപനമെന്നും വിവരമുണ്ട്.
വാര്‍ത്താസമ്മേളനത്തിന് ശേഷം ഇവര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് പോകും. ഇന്ന് കേന്ദ്രത്തില്‍ ഹൈക്കമാന്റിന്റെ വലിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നിരുന്നു. രാവിലെ ആദ്യം രാഹുലും പ്രിയങ്കയും രാഹുലിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം കെ.സി. വേണുഗോപാലിനെ രാഹുലിന്റെ വസതിയിലേക്ക് വിളിച്ചു വരുത്തുകയും രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയും നടത്തിയിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന് മല്ലികാര്‍ജ്ജുന ഖര്‍ഗേയുടെ വീട്ടില്‍ നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു.
രാഹുലും പ്രിയങ്കയും കെ.സി യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിരീക്ഷകരായിരുന്നു മുകുള്‍ വാസ്നിക്കും അജയ് മാക്കനും പിന്നാലെ ദീപാദാസ് മുന്‍ഷിയും ഖര്‍ഗേയുടെ വീട്ടില്‍ എത്തിച്ചേരുകയായിരുന്നു. പിന്നീട് രാഹുലും പ്രിയങ്കയും കെ.സി. വേണുഗോപാലും കൂടി ഇവിടേയ്ക്ക് എത്തിയതോടെ ഗൗരവതരമായ ചര്‍ച്ചകളാണ് നടന്നത്. ഇവിടെവെച്ചാണ് നിര്‍ണ്ണായകമായ വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനം എടുത്തതെന്നാണ് സൂചന. രമേശ് ചെന്നിത്തലയെയും രാഹുല്‍ വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയായിരുന്നു. ഹൈക്കമാന്റിന്റെ തീരുമാനം രമേശിനെ വിളിച്ച് അറിയിച്ചതാണോ ഏതെങ്കിലും ഫോര്‍മുല ചര്‍ച്ച ചെയ്തതാണോ എന്ന കാര്യം വ്യക്തമല്ല. രമേശ് ചെന്നിത്തല ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടിലാണ്. വി.ഡി. സതീശന് തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. മല്ലികാര്‍ജ്ജുന ഖര്‍ഗേ മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ചു സംസാരിച്ചു.






