
തിരുവനന്തപുരം: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ സന്തോഷിക്കുന്നു എന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു എന്നും കെ. സി വേണുഗോപാൽ പ്രതികരിച്ചു. തനിക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന ആക്രമണം താൻ സഹിച്ചു. പാർട്ടിയാണ് തന്റെ എല്ലാം. ത്രിവർണ പതാക പുതപ്പിച്ച് മരിക്കണം എന്നാണ് തന്റെ ആഗ്രഹം. താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നും കെ.സി പറഞ്ഞു.
പാർട്ടിക്ക് അതീതമായി തനിക്ക് ഒരു ഇമേജില്ല. പാർട്ടി പ്രവർത്തകർക്ക് വേദനിച്ചാലും പാർട്ടിക്ക് വേദനിച്ചാലും തനിക്ക് വേദനിക്കും. പാർട്ടിയും ജനങ്ങളുമാണ് തനിക്ക് വലുത്. മുസ്ലീംലീഗിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണോ പാർട്ടി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് ‘ബിജെപിയുടെ ആരോപണത്തിന് താനല്ല മറുപടി പറയേണ്ടത് എന്നായിരുന്നു കെ.സിയുടെ മറുപടി.
അതേസമയം, പാർട്ടിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാൽ കേരളത്തിൽ ഒരു വിഭാഗത്തിന്റെ മാത്രം വക്താവാകാൻ ശ്രമിച്ചത് അദ്ദേഹത്തിനു തിരിച്ചടിയാവും എന്നും സൂചനകളുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി സ്ഥാനത്ത് തുടരുന്ന കെ.സിക്ക് വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരിച്ചടി ലഭിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.






