
ക്യുങ്കി സാസ് ഭി കഭി ബഹു തി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ഹിന്ദി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് മൗനി റോയ്. പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി മാറിയ മൗനി, എറെ ശ്രദ്ധിക്കപ്പെട്ടത് നാഗിന്‍ എന്ന പരമ്പരയിലൂടെയാണ്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സീരിയലുകളില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് താരത്തിന്റെ പ്രശസ്തി വളര്‍ന്നു. ഇതിനിടയില്‍ തന്റെ കാമുകനായ സൂരജ് നമ്പ്യാരെ താരം വിവാഹവും ചെയ്തു.
കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന മൗനി ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് സൂരജുമായി പിരിയുന്നു എന്ന വാര്‍ത്തയിലൂടെയാണ്. സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കിടാറുള്ള താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സൂരജിനൊപ്പമുള്ള ചിത്രങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു. പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തതോടെ ഇവര്‍ പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു. എന്നാല്‍ മൗനിയോ സൂരജോ ഇതിനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.
എന്നാല്‍ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം താനും സൂരജ് നമ്പ്യാരും വേർപിരിയുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് മൗനി റോയി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് താരം ഈ വാർത്ത സ്ഥിരീകരിച്ചത്. പരസ്പര ധാരണയിലാണ് പിരിയാൻ തീരുമാനിച്ചതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വ്യക്തി ജീവിത്തിലേക്ക് നുഴഞ്ഞുകയറരുതെന്നും മൗനി റോയി ആവശ്യപ്പെട്ടു.
‘‘എല്ലാവരോടും ഞങ്ങൾക്ക് സ്വകാര്യതയും അന്തസ്സും നൽകണമെന്നും എന്നെക്കുറിച്ചോ സൂരജിനെക്കുറിച്ചോ തെറ്റായ കഥകൾ നൽകരുതെന്നും താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയങ്ങളിൽ നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് സ്വകാര്യത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിർത്താൻ എളിയ അഭ്യർത്ഥന...
സ്നേഹത്തോടെ...സൂരജും മൗനിയും...’’ എന്നാണ് പോസ്റ്റിനൊപ്പം മൗനി റോയ് കുറിച്ചിരിക്കുന്നത്.
ഒപ്പമൊരു നീണ്ട പ്രസ്താവനയും മൗനിയും സൂരജും പങ്കുവച്ചിട്ടുണ്ട്. ‘‘ചില മാധ്യമങ്ങൾ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായും കാര്യങ്ങൾ സ്വകാര്യമായും സൗഹാർദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വാസ്തവവിരുദ്ധമായ കഥകൾ പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ സെൻസേഷണലൈസ് ചെയ്യാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്, അവയൊന്നും ഞങ്ങളുടെ ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല.
മാറിവരുന്ന വ്യക്തിപരമായ മുൻഗണനകളെക്കുറിച്ച് ഏറെ ആലോചിച്ചതിനു ശേഷം, ബഹുമാനത്തോടും പരസ്പര ധാരണയോടും കൂടി വെവ്വേറെ പാതകളിലൂടെ മുന്നോട്ട് പോകാൻ ഞങ്ങൾ പരസ്പരം തീരുമാനിച്ചു. ഈ ഘട്ടത്തിൽ, കാര്യങ്ങൾ സ്വകാര്യമായും വിവേകത്തോടെയും കൈകാര്യം ചെയ്യുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും കാലങ്ങളിലും ഞങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കും.
ഈ ഘട്ടത്തെ ശ്രദ്ധയോടും സ്വകാര്യമായും കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ സ്വകാര്യതയോട് നിങ്ങൾ കാണിക്കുന്ന ബഹുമാനത്തെയും ഈ സമയത്ത് ഞങ്ങൾക്ക് നൽകിയ തുടർച്ചയായ പിന്തുണയെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.... മൗനി & സൂരജ്...’’ എന്നാണ് പ്രസ്താവനയില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ ഞെട്ടലോടെയും സങ്കടത്തോടെയും ആശ്വാസവാക്കുകള്‍ പങ്കിട്ടും കമന്റുകള്‍ കുറിക്കുന്നുണ്ട്.
2018-ൽ ദുബായിൽ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് മൗനി റോയിയും സൂരജ് നമ്പ്യാരും ആദ്യമായി കണ്ടുമുട്ടുന്നത്. വർഷങ്ങളായി വിദേശത്ത് താമസിച്ചിരുന്ന സൂരജിന് മൗനി പ്രശസ്തയായ ഒരു നടിയാണെന്ന് അന്ന് അറിയില്ലായിരുന്നു. മൗനി ഇടയ്ക്കിടെ ദുബായിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദം വളരെയെളുപ്പം സംഭവിച്ചു. ആ സൗഹൃദം പിന്നീട് പ്രണയമായി വളർന്നു.
കുറച്ചു വർഷങ്ങളുടെ ഡേറ്റിംഗിനു ശേഷം 2022 ജനുവരി 27-ന് ഗോവയിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഡംബരപൂർണ്ണമായ ചടങ്ങിൽ അവർ വിവാഹിതരായി. ബംഗാളി, മലയാളി ആചാരങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ വിവാഹം.






