
ദോഹ:അക്ഷരപ്രേമികൾ കാത്തിരുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (DIBF) ഉജ്ജ്വല തുടക്കം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി മേള ഉദ്ഘാടനം ചെയ്തു. മേയ് 23 വരെയാണ് പുസ്തകമേള നടക്കുന്നത്.37 രാജ്യങ്ങളിൽ നിന്നായി 520 പ്രമുഖ പ്രസാധകർ മേളയിൽ പങ്കെടുക്കുന്നു.
വായനക്കാർക്കായി 910 ബൂത്തുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, സാംസ്കാരിക നായകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മേളയിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. ഖത്തറിനും മറ്റ് അറബ് രാജ്യങ്ങൾക്കും പുറമെ അന്താരാഷ്ട്ര തലത്തിലുള്ള പ്രസാധകരുടെ പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും അദ്ദേഹം നോക്കിക്കണ്ടു. സാംസ്കാരിക മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്.മേളയിലെ ഇത്തവണത്തെ അതിഥിയായ (Guest of Honour) 'ദിസ് ഈസ് ഖത്തർ' (This is Qatar) എന്ന പുസ്തക പദ്ധതിയുടെ ലോഞ്ചിംഗും പ്രധാനമന്ത്രി നിർവ്വഹിച്ചു.
സാംസ്കാരിക വിനിമയത്തിനും വിജ്ഞാന വ്യാപനത്തിനുമായി ഖത്തർ ഒരുക്കുന്ന ഏറ്റവും വലിയ വേദിയായ ദോഹ പുസ്തകമേളയിലേക്ക് വരും ദിവസങ്ങളിൽ വൻ ജനതിരക്കാണ് പ്രതീക്ഷിക്കുന്നത്.കേരളത്തിൽ നിന്നും യുവത ബുക്സും ഐ പി എച്ഛ് പബ്ലിക്കേഷൻസും
വിപുലമായ പുസ്തകശേഖരവുമായി പുസ്തകമേളയിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്.
ഷഫീക്ക് അറയ്ക്കൽ




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)

