
ബോളിവുഡിലെ പ്രശസ്തനടിയും ഇന്ത്യയിലെ അറിയപ്പെടുന്ന മോഡലുമായ ഷെഹ്നാസ് ഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മലയാളി താരങ്ങളിലൊരാളായ ദേവ്ദത്ത് പടിക്കലുമായി പ്രണയത്തിലാണോ? ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് ഈ ഗോസിപ്പ്. ഈ ഐപിഎല്‍ സീസണില്‍ ആര്‍സിബി മത്സരങ്ങളില്‍ ഷെഹ്നാസ് ഗില്‍ സ്ഥിരസാന്നിധ്യമായതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.
ഒരു മത്സരത്തിനിടെ നടന്ന ലളിതമായൊരു സംഭാഷണത്തില്‍ ഷെഹ്നാസ് തന്റെ പ്രിയപ്പെട്ട രണ്ട് താരങ്ങളെക്കുറിച്ച് പരാമര്ശിച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വേഗത കൈവന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിക്കാര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഷെഹ്നാസ് ഗില്‍ പറഞ്ഞു. ''എനിക്ക് വിരാടിനെ ഒരുപാടിഷ്ടമാണ്. കളിയില്‍ എനിക്ക് ദേവ്ദത്തിനെയും വളരെ ഇഷ്ടമാണ്.'' എന്നാല്‍ ഈ പ്രണയ ഗോസിപ്പുകളോട് ഷെഹ്നാസ് ഗില്ലോ ദേവ്ദത്ത് പടിക്കലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസമാദ്യം, 'ദില്‍ ആര്‍സിബി മേം ഹേ' എന്ന അടിക്കുറിപ്പോടെ ഷെഹ്നാസ് ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ പങ്കുവെച്ചിരുന്നു, ഇത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി.
നിരവധി ആര്‍സിബി മത്സരങ്ങളില്‍ പങ്കെടുത്ത് ഗാലറിയിലിരുന്ന് ആവേശത്തോടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന നടിയെ കാണാമായിരുന്നു. കഴിഞ്ഞ ദിവസം ടീമിന്റെ വിജയത്തിന് ശേഷം ആര്‍സിബി ജേഴ്സി ധരിച്ചുള്ള ചിത്രങ്ങളും ഷെഹ്നാസ് പോസ്റ്റ് ചെയ്തിരുന്നു, ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുത്തത്. എന്തായാലും രണ്ടു താരങ്ങളും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.




