
ഗുജറാത്തിലെ ജുനഗഡ് ജില്ലയിൽ നടന്ന ഒരു ഭക്തിനിർഭരമായ ഒരു സംഗീത പരിപാടിക്കെടെ ഗായകനെ കറൻസി നോട്ടുകൾ കൊണ്ട് മൂടിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍. ഭക്തർ ഗുജറാത്തിലെ പ്രശസ്ത ഭജൻ ഗായകൻ കവിരാജ് ജിഗ്നേഷിന്റെ പരമ്പരാഗത ഡെയ്റോ പ്രകടനത്തിനിടെയാണ് വേദിയിലേക്ക് കറൻസി നോട്ടുകൾ വർഷിക്കുന്ന നാടകീയ ദൃശ്യങ്ങൾ പുറത്ത് വന്നത്. ആളുകൾ വേദിയിൽ നിന്നും ചാക്ക് കണക്കിന് കറൻസി നോട്ടുകൾ ഗായകന്റെ നേർക്ക് എറിയുന്നതും പാട്ടുപാടുന്നതിനിടെ അദ്ദേഹത്തിന്റെ തല അടക്കം മൂടുന്നതും വീഡിയോയിൽ കാണാം.
മാലിയ ഹാറ്റിനയിലാണ് ഈ പരിപാടി നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഭഗവദ് ജ്ഞാന യാഗവുമായി ബന്ധപ്പെട്ട ഒരു മതപരമായ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഭക്തിഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ വേദിയിലേക്ക് ഭക്തർ പണം എറിയുന്നതും വീഡിയോയിൽ കാണാം.
ഭക്തർ പരിപാടിക്കിടെ കൈയടിക്കുകയും നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്നു. ആളുകൾ ചാക്കിൽ നിന്നും ഗായകന്റെ തലവഴി പണം ചൊരിയുകയും ഗായകന്റെ തല അടക്കം മൂടുകയും ചെയ്യുമ്പോഴും അദ്ദേഹം തന്റെ സംഗീതാലാപനം തുടരുന്നു. ഇടയ്ക്ക് കവിരാജ് തന്നെ തന്റെ ശരീരം മൂടിയ കറൻസി നോട്ടുകൾ തട്ടി മാറ്റുന്നതും വീഡിയോയിൽ കാണാം.






