
കൊച്ചി: ടേം വ്യവസ്ഥയില്‍ നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്. അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്. മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്. ടീം യുഡിഎഫ് എന്നല്ലേ പറയുന്നത്. താനും അതിന്റെ ഭാഗമല്ലേയെന്നും മാണി സി കാപ്പന് ചോദിച്ചു.
'വി ഡി സതീശന് ഇക്കാര്യം പാലായില്‍ എത്തി പ്രസംഗിച്ചിരുന്നു. അങ്ങോട്ടുപോകുന്ന കാറില്‍ ആയിരിക്കില്ല കാപ്പന് തിരികെ വരിക. കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയും സമാനമായി കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കണം', എന്ന് മാണി സി കാപ്പന് പ്രതികരിച്ചു.
നാളെ മന്ത്രി സഭയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ദീപാദാസ് മുന്‍ഷി വ്യക്തമാക്കിയിരിക്കുന്നത്. നാളെ 2 മണിക്ക് പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. ചര്‍ച്ചകള്‍ നാളെയും തുടരും. മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലികുട്ടി, കെ എം ഷാജി, എന്‍. ഷംസുദീന്‍, വിഇ അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ മുരളിധരന്, എം ലിജു, പി സി വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.






