
ദോഹ: സംസ്ഥാനത്തെ പതിമൂന്നാം മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ ഉയർന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നിന്നും ജനവിധി തേടിയ പ്രമുഖ നേതാവ് പാറക്കൽ അബ്ദുള്ളയ്ക്ക് ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം നഷ്ടമായത് പ്രവാസി അണികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമാകുന്നു. പതിറ്റാണ്ടുകളായി ഗൾഫ് മേഖലയിൽ പ്രത്യേകിച്ച് ഖത്തർ പ്രവാസി മലയാളികൾക്കിടയിൽ കെ.എം.സി.സി-യിലൂടെ സാമൂഹിക-സാന്ത്വന പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും പാർട്ടിക്ക് ശക്തമായ അടിത്തറ നിർമ്മിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുകയും ചെയ്ത നേതാവാണ് പാറക്കൽ അബ്ദുള്ള. കുറ്റ്യാടി മണ്ഡലത്തിൽ നിന്നും രണ്ടാം വട്ടവും നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതോടെ,l മലബാറിലെ പ്രാദേശിക സന്തുലിതാവസ്ഥയും സംഘടനാ മികവും പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ നിന്നുള്ള ലീഗ് പ്രതിനിധിയായി അദ്ദേഹം മന്ത്രിസഭയിലെത്തുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഒന്നടങ്കം വിലയിരുത്തിയിരുന്നു.
എന്നാൽ അന്തിമ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം പുറത്തുവന്ന ഔദ്യോഗിക പട്ടികയിൽ നിന്നും പാറക്കൽ അബ്ദുള്ള അപ്രതീക്ഷിതമായി പുറന്തള്ളപ്പെടുകയായിരുന്നു. അവസാന നിമിഷം ചുണ്ടിനും കപ്പിനുമിടയിൽ മന്ത്രിസ്ഥാനം കൈവിട്ടുപോയത് വലിയ അടിയൊഴുക്കുകൾക്ക് വഴിതുറന്നു. തന്റെ പ്രിയ നേതാവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് നേരിൽ കാണാൻ ഖത്തറിൽ നിന്നും കുറ്റ്യാടിയിൽ നിന്നും തലസ്ഥാന നഗരിയിൽ ഒത്തുചൂടിയ നൂറുകണക്കിന് അണികൾക്കും സുഹൃത്തുക്കൾക്കും ഈ തീരുമാനം കനത്ത പ്രഹരമായി. പ്രിയ നേതാവിനെ തഴഞ്ഞതിനെതിരെ കുറ്റ്യാടി മണ്ഡലത്തിലെ മുസ്ലിം ലീഗ് അണികളിൽ നിന്നും പ്രാദേശിക നേതൃത്വത്തിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇത് പാർട്ടി നേതൃത്വത്തിന് മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കി. അടിത്തട്ടിലെ അമർഷം പരസ്യമായ കലാപത്തിലേക്ക് നീങ്ങുമെന്ന സൂചനകൾ ശക്തമായതോടെഡാമേജ് കൺട്രോളുമായി ലീഗ് ഹൈക്കമാൻഡ് രംഗത്തിറങ്ങുകയായിരുന്നു.
പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി ഒടുവിൽ 'ടേം വ്യവസ്ഥ' പ്രകാരം പാറക്കൽ അബ്ദുള്ളയെ മന്ത്രിയായി പ്രഖ്യാപിക്കാൻ പാർട്ടി നിർബന്ധിതരായി. എങ്കിലുംആദ്യ രണ്ടരവർഷം കാത്തിരുന്ന ശേഷം മാത്രമേ അദ്ദേഹത്തിന് മന്ത്രിപദവിയിലേക്ക് ഏറാൻ സാധിക്കൂ എന്ന വ്യവസ്ഥ പ്രവാസി അണികളിലെ അതൃപ്തി പൂർണ്ണമായി മാറ്റിയിട്ടില്ല. ആദ്യഘട്ടത്തിൽ തന്നെ കാബിനറ്റ് പദവി അർഹിച്ചിരുന്ന ഒരു നേതാവിനെ രണ്ടരവർഷത്തെ കാത്തിരിപ്പിലേക്ക് തള്ളിവിട്ടത് രാഷ്ട്രീയമായി നീതികേടാണെന്നാണ് പ്രവാസി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എങ്കിൽപ്പോലും, വൈകിയാണെങ്കിലും അർഹിച്ച അംഗീകാരം പ്രഖ്യാപിക്കപ്പെട്ടതിലെ നേരിയ ആശ്വാസത്തോടെ, രണ്ടരവർഷത്തിന് ശേഷമുള്ള ആ സുദിനത്തിനായി പ്രവാസലോകവും കുറ്റ്യാടിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളും കാത്തിരിക്കുകയാണ്.
ഷഫീക്ക് അറയ്ക്കൽ




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)

