
കേരളത്തിൽ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു.
നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയില്‍ സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകളും സജ്ജീകരിച്ചിരിക്കുന്നു. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും.






