
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. നാളെ നടക്കാനിരിക്കുന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വകുപ്പുകളുടെ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് തന്നെ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ പട്ടിക തയ്യാറാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, പുതിയ സര്‍ക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആദ്യ യോഗത്തിലേതുപോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പ്രഖ്യാപനങ്ങള്‍ ഇന്നത്തെ യോഗത്തിലും ഉണ്ടായേക്കുമെന്നാണ് സൂചന. പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് രാജ്ഭവനില്‍ എത്തുന്ന മുഖ്യമന്ത്രി, ഗവര്‍ണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കാനുള്ള നീക്കമാണ് നിലവില്‍ മുന്നണിയില്‍ പ്രധാന പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീന്‍ കത്തോലിക്കാ സഭയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഫിഷറീസ് വകുപ്പ് ലഭിച്ചാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുനല്‍കൂ എന്ന കര്‍ശന നിലപാടിലാണ് ലീഗ്.
തീരദേശത്തെയും കടലിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാള്‍ തന്നെ ഫിഷറീസ് മന്ത്രിയാകണമെന്ന തങ്ങളുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അതിരൂപതാ പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര നേതാക്കളെ അറിയിച്ചു.
അതേസമയം, ബിഷപ്പ് ഹൗസിലെ സന്ദര്‍ശനം സൗഹൃദപരമാണെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വൈകില്ലെന്നും കെ. മുരളീധരന് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ അനില്‍ കുമാറിന് നിലവില്‍ പരിഗണിക്കുന്ന വൈദ്യുതി വകുപ്പിന് പുറമെ ദേവസ്വം വകുപ്പ് കൂടി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മുന്നണിയില്‍ സജീവമാണ്.
