
സൂര്യയെയും തൃഷയെയും പ്രധാന കഥാപാത്രങ്ങളാക്കി ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ബിടിഎസ് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നായിക തൃഷ കൃഷ്ണൻ. സെറ്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ, ലൊക്കേഷൻ ദൃശ്യങ്ങളേക്കാൾ ആരാധകരുടെ ശ്രദ്ധ കവർന്നത് തൃഷ അതിന് നൽകിയ അടിക്കുറിപ്പാണ്.
‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്ന് കൂടി, എല്ലാം ദൈവഹിതം...’എന്നായിരുന്നു തൃഷ കുറിച്ചത്. ഇത് സിനിമയുടെ വിജയത്തെ മാത്രമല്ല, അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിൽ വൻ വിജയം നേടിയ നടൻ വിജയ്‌യെ പരോക്ഷമായി സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. "ക്യാപ്ഷൻ കാണുന്നത് വരെ എല്ലാം നന്നായിരുന്നു", "ഈ ക്യാപ്ഷൻ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി അറിയാം" എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
വിജയ്‌യെ പരോക്ഷമായി പിന്തുണച്ചുകൊണ്ടോ സൂചിപ്പിച്ചുകൊണ്ടോ തൃഷ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് ഇതാദ്യമായല്ല.തൃഷയുടെ ജന്മദിനമായ മേയ് നാലിനായിരുന്നു വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ റെക്കോർഡ് ഭൂരിപക്ഷത്തോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൊയ്തത്.
വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ നേരിട്ടെത്തി പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. അന്ന് ചടങ്ങിൽ ധരിച്ച സാരിയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തൃഷ നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. "സ്നേഹം എപ്പോഴും വിളിച്ചറിയിക്കപ്പെടേണ്ട ഒന്നാണ്" എന്നായിരുന്നു നടി അന്ന് കുറിച്ചത്.
ഇതിന് പിന്നാലെയാണ് 'മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളെ'ക്കുറിച്ചുള്ള പുതിയ പോസ്റ്റും എത്തിയിരിക്കുന്നത്. ഇതോടെ, വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്.
