
മട്ടന്നൂര്‍ : ജില്ലയില്‍ തന്നെ ഏറ്റവും അധികം കാട്ടാന ഭീഷണിയുള്ള ആറളം ഫാമില്‍ ഓപ്പറേഷന്‍ ഗജമുക്തി തുടരുന്നു. ആറളം ഫാമിലെ മനുഷ്യവന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഗജമുക്തി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഫാമിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങിയ എട്ടോളം കാട്ടാനകളെയാണ് വനപാലകരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കാട്ടിലേക്ക് കഴിഞ്ഞ ദിവസം തുരത്തിയത്. രാവിലെ മുതല്‍ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു ഫാമില്‍ നിരീക്ഷണം നടത്തിയത്.
ബ്ലോക്ക് ഒന്ന്, അഞ്ച്(നഴ്‌സറി ഭാഗം) എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന വലിയ കൊമ്പന്‍, മൊട്ടുകൊമ്പന്‍ എന്നീ രണ്ട് ആനകളെ എക്കണ്ടി വഴി ബ്ലോക്ക് രണ്ടിലേക്ക് കടത്തിവിട്ടു. തുടര്‍ന്ന് ബ്ലോക്ക് രണ്ടില്‍ ഉണ്ടായിരുന്ന മറ്റ് ആനകള്‍ ഉള്‍പ്പെടെ ആകെ ആറ് ആനകളെ ബ്ലോക്ക് നാല് വഴി ഹെലിപ്പാഡ് ഭാഗത്തേക്ക് തുരത്തി.ഹെലിപ്പാഡ് വട്ടക്കാട് ഭാഗത്തു നിന്നു ആനകളെ താളിപ്പാറ ഭാഗത്തേക്ക് തുരത്തുന്നതിനിടയില്‍ ആനക്കൂട്ടം തിരിഞ്ഞോടിയത് നേരിയ പ്രതിസന്ധി സൃഷ്ടിച്ചു. ആനകള്‍ അക്രമാസക്തമായതോടെ സുരക്ഷ മുന്‍നിര്‍ത്തി താല്‍ക്കാലികമായി ഡ്രൈവ് അവസാനിപ്പിക്കുകയായിരുന്നു. ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്.
ആറളം വൈല്‍ഡ് ലൈഫ്, കൊട്ടിയൂര്‍, കണ്ണവം റെയിഞ്ചുകളിലെ വനംവകുപ്പ് ജീവനക്കാര്‍, വാച്ചര്‍മാര്‍, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ 47 പേരടങ്ങുന്ന സന്നാഹമാണ് ദൗത്യത്തിലുള്ളത്. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഏഴ് വാഹനങ്ങളും കാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്, റവന്യൂ, ടി.ആര്‍.ഡി.എം വകുപ്പുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. തദ്ദേശ സ്ഥാപനങ്ങളില്‍ നിയമിച്ച ലെയ്‌സണ്‍ ഓഫീസര്‍മാര്‍ മുഖേന ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാട്ടാനകളെ പൂര്‍ണമായും തുരത്താനുള്ള ദൗത്യം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.






