
ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, വിഷന്‍ പ്രോ എന്നിവയ്ക്കായി പുതിയ എഐ അധിഷ്ഠിത ആക്സസിബിലിറ്റി സവിശേഷതകള്‍ പ്രഖ്യാപിച്ച് ആപ്പിള്‍. വരാനിരിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സായ WWDC 2026ന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. ഉപയോക്താക്കള്‍ക്ക് ശബ്ദം, കാഴ്ച, ചലനം, ഭാഷ എന്നിവയുടെ സഹായത്തോടെ കൂടുതല്‍ സൗകര്യപ്രദമായി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ അപ്‌ഡേറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആപ്പിള്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനങ്ങള്‍ വോയിസ് ഓവര്‍, മാഗ്‌നിഫയര്‍, വോയിസ് കണ്ട്രോള്‍, ആക്സസബലിറ്റി റീഡര്‍ തുടങ്ങിയ പ്രധാന ആക്സസിബിലിറ്റി ടൂളുകളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. വോയിസ് ഓവറിലേക്ക് ഇമേജ് എക്‌സ്‌പ്ലോറര്‍ എന്ന പുതിയ സംവിധാനവും ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ ചിത്രങ്ങള്‍, സ്‌കാന്‍ ചെയ്ത ബില്ലുകള്‍, രേഖകള്‍, മറ്റ് ദൃശ്യ ഉള്ളടക്കങ്ങള്‍ എന്നിവയുടെ കൂടുതല്‍ വിശദമായ വിവരണം ഉപയോക്താക്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. പിന്തുണയുള്ള ഐഫോണ്‍ മോഡലുകളില്‍ ആക്ഷന്‍ ബട്ടണ്‍ ഉപയോഗിച്ച് ക്യാമറ കാണുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും അതിന് ശബ്ദരൂപത്തില്‍ മറുപടി ലഭിക്കാനും സാധിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്കും കുറഞ്ഞ കാഴ്ചശേഷിയുള്ളവര്‍ക്കും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെട്ടു.
വിഷന്‍ പ്രോ ഉപയോക്താക്കള്‍ക്കായി കണ്ണിന്റെ ചലനം ഉപയോഗിച്ച് പവര്‍ വീല്‍ചെയര്‍ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനവും ആപ്പിള്‍ അവതരിപ്പിച്ചു. ടോള്‍ട്ട്, എല്‍യുസിഐ എന്നീ വീല്‍ചെയര്‍ സംവിധാനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പിന്തുണ ലഭിക്കുക. കൂടാതെ ടിവി ഒഎസില്‍ വലിയ അക്ഷരങ്ങള്‍, ഹിയറിംഗ് എയിഡ് കണക്റ്റിവിറ്റിയിലെ മെച്ചപ്പെടുത്തല്‍, സോണി ആക്സസസ് കണ്ട്രോളര്‍ പിന്തുണ തുടങ്ങിയ അപ്‌ഡേറ്റുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മാഗ്‌നിഫയര്‍ ആപ്പിലും എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂം ഇന്‍, ടേണ്‍ ഫ്‌ളാഷ് ലൈറ്റ് പോലുള്ള വോയിസ് കമാന്‍ഡുകള്‍ ഉപയോഗിച്ച് മാഗ്‌നിഫയര്‍ നിയന്ത്രിക്കാന്‍ സാധിക്കും. വോയിസ് കണ്ട്രോള്‍ സംവിധാനത്തില്‍ കൂടുതല്‍ സ്വാഭാവിക ഭാഷ മനസിലാക്കുന്ന ശേഷിയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കൃത്യമായ ബട്ടണ്‍ പേരുകള്‍ ഓര്‍മ്മിക്കാതെ തന്നെ, സാധാരണ സംസാര ഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനൊപ്പം, ക്യാപ്ഷന്‍ ഇല്ലാത്ത വീഡിയോകള്‍ക്കായി എഐ സബ്‌ടൈറ്റില്‍ സംവിധാനവും അവതരിപ്പിച്ചു. ഓണ്‍-ഡിവൈസ് സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോകളിലെ സംഭാഷണങ്ങള്‍ സ്വയം ടെക്സ്റ്റാക്കി മാറ്റാന്‍ കഴിയും.






