
മകൻ അർജുൻ മേത്ത പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് നടി ജൂഹി ചൗള. ഭർത്താവ് ജയ് മേത്ത, മകൾ ജാൻവി മേത്ത എന്നിവർക്കൊപ്പം ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഈ ബിരുദ നേട്ടത്തിനൊപ്പം അമേരിക്കയിലെ പ്രശസ്തമായ അക്കാദമിക് സൊസൈറ്റിയായ 'ഫൈ ബീറ്റാ കാപ്പ സൊസൈറ്റി'യിലേക്കും (Phi Beta Kappa Society) അർജുൻ തിരഞ്ഞെടുക്കപ്പെട്ടു. പഠനത്തിൽ മികച്ച പ്രകടനവും ഉയർന്ന ഗ്രേഡും നേടുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ സൊസൈറ്റിയിൽ അംഗത്വം ലഭിക്കുന്നത്.
"കൊളംബിയ '26... ഒപ്പം പ്രശസ്തമായ ഫൈ ബീറ്റ കാപ്പ സൊസൈറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അർജുന് ഒരുപാട് അഭിനന്ദനങ്ങൾ. ചലോ.. ഇനി അവധിക്കാലം," ചിത്രങ്ങൾ പങ്കുവെച്ച് ജൂഹി ചൗള കുറിച്ചു. താരത്തിന്റെ മകൾ ജാൻവിയും 2023-ൽ ഇതേ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്.
1980-90 കാലഘട്ടത്തിൽ ബോളിവുഡ് കീഴടക്കിയ മുൻനിര നായികമാരിൽ ഒരാളാണ് ജൂഹി ചൗള. 'സുൽത്താനത്ത്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും 'ഖയാമത് സേ ഖയാമത് തക്' എന്ന ചിത്രമാണ് താരത്തെ സിനിമാലോകത്ത് തരംഗമാക്കിയത്. കരിയറിന്റെ തിളക്കത്തിൽ നിൽക്കവെ, 1996-ൽ പ്രമുഖ വ്യവസായിയായ ജയ് മേത്തയെ താരം രഹസ്യമായി വിവാഹം കഴിച്ചു. അഭിനയത്തിൽ ഇപ്പോഴും സജീവമായ ജൂഹി, അടുത്തിടെ പുറത്തിറങ്ങിയ 'ദി റെയിൽവേ മെൻ', 'ശർമ്മാജി നംകീൻ' തുടങ്ങിയ പ്രൊജക്ടുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.






