
വിശാലമായ ക്യാമ്പസും പച്ചപ്പും നിറഞ്ഞ അന്തരീക്ഷത്തില്‍ പഠിക്കുക എന്നത് വലിയൊരു ഭാഗ്യമായി പലരും കരുതുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന കഠിനമായ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി. എന്‍ഐടി ഭോപ്പാലിലെ പൂജ എന്ന വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഐഐടി, എന്‍ഐടി ക്യാമ്പസുകളുടെ വലിപ്പം പുറത്തുനിന്നുള്ളവര്‍ക്ക് കൗതുകമാണെങ്കിലും ഉള്ളിലുള്ളവര്‍ക്ക് അതൊരു ശാപമാണെന്ന് തുറന്നുപറയുന്നത്. 600 ഏക്കറിലധികം വിസ്തൃതിയുള്ള ക്യാമ്പസിലെ യാത്രാക്ലേശങ്ങളാണ് പൂജ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
തന്റെ ഹോസ്റ്റലിന് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ വനത്തിന് സമാനമാണെന്നും ഹോസ്റ്റലില്‍ നിന്ന് ക്ലാസ് റൂമുകളിലേക്ക് നടന്നെത്താന്‍ മാത്രം 20 മിനിറ്റിലധികം സമയം വേണമെന്നും പൂജ പറയുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ ക്ലാസുകളില്‍ നിന്നും ഇതിലും ദൂരെയാണ്. ക്യാമ്പസിനുള്ളില്‍ സ്വന്തം വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍ ദിവസവും കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുണ്ടെന്നും, ക്ലാസില്‍ എത്തുമ്പോഴേക്കും ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നുപോകുമെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നു. പലപ്പോഴും ക്ലാസുകളില്‍ വൈകിയെത്തുന്നതിന് ശിക്ഷ നേരിടേണ്ടി വരാറുണ്ടെന്നും പൂജ പരാതിപ്പെടുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സമാനമായ ക്യാമ്പസുകളില്‍ പഠിച്ച മുന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് പൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. പുറത്തുനിന്ന് നോക്കുമ്പോള്‍ ഈ വിശാലത മനോഹരമായി തോന്നുമെങ്കിലും, കനത്ത വെയിലിലും മഴയിലും ദിവസവും നടക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ കഠിനമാണെന്ന് പലരും സമ്മതിക്കുന്നു. വലിയ വിസ്തൃതിയുള്ള ക്യാമ്പസുകളില്‍ സൈക്കിളുകളോ മറ്റ് ആന്തരിക ഗതാഗത സൗകര്യങ്ങളോ നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകള്‍ക്കും ഈ വീഡിയോ ഇപ്പോള്‍ വഴിതുറന്നിരിക്കുകയാണ്.






