
മുംബൈ: ഐപിഎല്ലില്‍ ഒരു സീസണ് കൂടി അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ പാണ്ഡ്യ അത്ര സന്തുഷ്ടനല്ലെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഹാര്‍ദിക്കിന്റെ നായകത്വത്തിന് കീഴില്‍ ഈ സീസണില്‍ ഇറങ്ങിയ മുംബൈക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കളിച്ച 14 മത്സരങ്ങളില്‍ വെറും 4 എണ്ണത്തില്‍ മാത്രം ജയിച്ച ടീം, 10 കളികളിലും പരാജയം രുചിച്ചു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈ ഇന്ത്യന്‍സ്, പ്ലേ ഓഫ് കാണാതെ അതിവേഗം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.
ലഭ്യമാകുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ട് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ക്രിക്കറ്റ് വൃത്തങ്ങളില്‍ ഈ അഭ്യൂഹം ശക്തമായിരുന്നെങ്കിലും, ഇപ്പോള്‍ ഹാര്‍ദിക് തന്നെ ഇതിനൊരു വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ സൂചന അതിവേഗം വൈറലായിക്കഴിഞ്ഞു.
വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഹാര്‍ദിക് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം. മടിയില്‍ ലാപ്ടോപ്പ് വെച്ച് ആനിമേഷന്‍ കാണുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. അതിനരികില്‍ ഇരിക്കുന്ന മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ സേവറിലെ സമയമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. '07:07' എന്നാണ് ഫോണില്‍ സമയം കാണിക്കുന്നത്. '7' എന്നത് ചെന്നൈയുടെ ഇതിഹാസ താരം എം.എസ് ധോണിയുടെ പ്രശസ്തമായ ജേഴ്സി നമ്പറാണ്. ഇന്ത്യന്‍ ടീമിലും സിഎസ്കെയിലും ധോണി ഈ നമ്പറിലാണ് തിളങ്ങിയത്. എം.എസ് ധോണിയുമായി അത്രമേല്‍ ആത്മബന്ധം പുലര്‍ത്തുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ ശിക്ഷണത്തിലാണ് ഹാര്‍ദിക് ഒരു ലോകോത്തര ഓള്‍റൗണ്ടറായി വളര്‍ന്നതും. അതുകൊണ്ടുതന്നെ, ധോണിയോടുള്ള ബഹുമാനവും സ്വാധീനവും കാരണം പാണ്ഡ്യ ചെന്നൈയിലേക്ക് എത്തിയേക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഇതിന്റെ സൂചനയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം നല്‍കിയതെന്നും വിലയിരുത്തപ്പെടുന്നു. ഇതിനുപുറമേ, ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥനുമായി ഹാര്‍ദിക് പാണ്ഡ്യ ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതും താരം ചെന്നൈയിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ബലമേകുന്നു.




